യുവഅഭിഭാഷക സമിതി ജില്ലാ കൺവൻഷൻ
സ്വതന്ത്ര ജുഡീഷ്യറി കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് വി ജി അരുൺ

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യുവ അഭിഭാഷക ജില്ലാ കൺവൻഷൻ ജസ്റ്റിസ് വി ജി അരുൺ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 10, 2025, 02:50 AM | 1 min read
കൊച്ചി
സ്വതന്ത്രമായ ജുഡീഷ്യൽ സംവിധാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജസ്റ്റിസ് വി ജി അരുൺ. ജുഡീഷ്യറിയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്ന ചില സൂചനകൾ പുറത്തുവരുന്നുണ്ട്. അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യുവ അഭിഭാഷകസമിതി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവ അഭിഭാഷകസമിതി ജില്ലാ ചെയർപേഴ്സണായി നമിത ജോർജിനെയും കൺവീനറായി പി ആദിലിനെയും തെരഞ്ഞെടുത്തു. ബാർ കൗൺസിലിൽ ദളിത്, വനിത,- യുവ അഭിഭാഷകരുടെ പങ്കാളിത്തം ഉറപ്പാക്കുക, ആഭ്യന്തര പരാതിപരിഹാരസമിതികൾ രൂപീകരിക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു. യുവ അഭിഭാഷകസമിതി സൗത്ത്സോൺ കൺവീനർ മുഹമ്മദ് ഇബ്രാഹിം അബ്ദുൾ സമദ് അധ്യക്ഷനായി.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, എഐഎൽയു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സി മോഹനൻ, ജില്ലാ പ്രസിഡന്റ് ടി പി രമേഷ്, ബാർ കൗൺസിൽ അംഗം കെ കെ നാസർ, പി ആദിൽ, മായ കൃഷ്ണൻ, നമിത ജോർജ് എന്നിവർ സംസാരിച്ചു.









0 comments