ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന വേദി
ഓൺലൈനിലും സ്‌റ്റാറാണ് അബ്ദുള്ള മൗലവി

പെരുമ്പാവൂർ
സംസ്ഥാന ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന വേദിയിലും സ്റ്റാറായി അബ്ദുല്ല മൗലവി. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വേദിയിൽ ഓൺലൈനായി പങ്കെടുത്താണ് ഓടയ്‌ക്കാലി ഏക്കുന്നം മഠത്തിക്കുടി എം എ അബ്ദുള്ള മൗലവി ശ്രദ്ധേയനായത്. വേദിയിൽനിന്ന് ഏറ്റവും മുതിർന്ന ഡിജിറ്റൽ പഠിതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോളിലെത്തി അഭിനന്ദിച്ചു.
105–-ാംവയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ മുന്നോട്ടുവന്ന അബ്ദുല്ല മൗലവിയെപ്പോലുള്ളവർ സർക്കാരിന് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അബ്ദുള്ള മൗലവിയുടെ വിവരങ്ങളും ആരോഗ്യസ്ഥിതിയെക്കുറിച്ചും അന്വേഷിച്ചശേഷമാണ് മുഖ്യമന്ത്രി കോൾ അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും സർക്കാരിന് കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു.
കഴിഞ്ഞദിവസം തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് സന്ദർശിച്ചപ്പോൾ സമ്മാനമായി നൽകിയ സ്മാർട്ട് ഫോണിലൂടെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഡിജിറ്റൽ സാക്ഷരത കൈവരിച്ച് പ്രായം ഒന്നിനും തടസ്സമല്ലെന്ന് അബ്ദുല്ല മൗലവി തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ "ഡിജി കേരളം’ പദ്ധതിയിലൂടെയാണ് അബ്ദുല്ല മൗലവി ഡിജിറ്റൽ സാക്ഷരത നേടിയത്. സ്വന്തം വീട്ടിൽ മക്കളോടും കൊച്ചുമക്കളോടുമൊപ്പമിരുന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് സംസാരിച്ചത്. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക് എന്നിവരും പങ്കെടുത്തു.









0 comments