പനി ബാധിതർ കൂടുന്നു; വേണം ജാഗ്രത

കൊച്ചി
കാലാവസ്ഥാവ്യതിയാനവും കാലവർഷം ശക്തിപ്രാപിക്കുകയും ചെയ്‌തതോടെ ജില്ലയിൽ പകർച്ചപ്പനി കൂടുന്നു. ഡെങ്കി, എലിപ്പനി, എച്ച്1 എൻ1 രോഗബാധിതരുടെ എണ്ണവും ഏറെയാണ്. ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവർ ആയിരം കടന്നു.
എച്ച്1 എൻ1 ബാധിച്ച് കുട്ടികൾ ചികിത്സ തേടിയതോടെ ആലുവയിലെ രണ്ട് കോളേജുകളിലെ പഠനം ഓൺലൈനാക്കിയിരുന്നു. ആലുവ യുസി കോളേജിലും ചൂണ്ടി ഭാരതമാതാ കോളേജിലുമാണിത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഏറ്റവും കൂടുതൽ ആളുകൾ പനിബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 1027 പേർ ചികിത്സ തേടി വിവിധ ഒപികളിൽ എത്തിയപ്പോൾ 39 പേർക്ക് കിടത്തിച്ചികിത്സ നിർദേശിച്ചു. 16 പേർക്ക് ഡെങ്കി സംശയിച്ചപ്പോൾ കളമശേരിയിൽ ഒരാൾക്ക് സ്ഥിരീകരിക്കുകയും ചെയ്‌തു.
ചൊവ്വാഴ്‌ച 829 പേർ വിവിധ സർക്കാർ ഒപികളിൽ എത്തി. 37 പേർക്ക് കിടത്തിചികിത്സ നിർദ്ദേശിച്ചു. 23 പേർക്ക് ഡെങ്കു സംശയിച്ചപ്പോൾ ഏഴുപേർക്ക് സ്ഥിരീകരിച്ചു. മങ്ങാട്ടുമുക്ക്, മഴുവന്നൂർ, മൂലംകുഴി, നെട്ടൂർ, പട്ടിമറ്റം, പൊന്നുരുന്നി, പുതുവയ്‌പ് എന്നിവിടങ്ങളിലാണ് ഡെങ്കു സ്ഥിരീകരിച്ചത്.
ജില്ലയിൽ മഴ പരക്കെ പെയ്യുന്നതിനാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഡ്രൈഡേ കൃത്യമായി ആചരിക്കുക, ഇൻഡോർ പ്ലാന്റുകൾ വളർത്തുന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
പനി വ്യാപകമായി കാണുകയാണെങ്കിൽ പ്രത്യേകം പനി ക്ലിനിക്കുകൾ തുറക്കാൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.









0 comments