ക്വാണ്ടം സയൻസ് നൂറാംവാർഷികം ; കുസാറ്റിൽ ശാസ്‌ത്രപ്രദർശനം തുടങ്ങി

കളമശേരി
ക്വാണ്ടം സയൻസ് 100–ാംവാർഷികത്തോടനുബന്ധിച്ച് ശാസ്ത്രനേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ശാസ്ത്രപ്രദർശനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കുസാറ്റ് ശാസ്ത്രസമൂഹകേന്ദ്രം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവചേർന്നാണ് ക്വാണ്ടം സയൻസ് വാർഷികം സംഘടിപ്പിച്ചത്. ശാസ്ത്ര കണ്ടെത്തലുകളുടെ ഗുണഫലങ്ങൾ സമൂഹത്തിനുപകരാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം ജുനൈദ് ബുഷിരി അധ്യക്ഷനായി.
ക്വാണ്ടം സയന്‍സിന്റെ വാതിലുകൾ പൊതുജനങ്ങള്‍ക്കായി തുറന്നിടുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം. വിവിധ സര്‍വകലാശാലകള്‍, കോളേജുകള്‍, പ്ലാനറ്റോറിയം, ലൂക്ക സയന്‍സ് പോര്‍ട്ടല്‍, ബഹുജനസംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് 10 ദിവസത്തെ പ്രദർശനം ഒരുക്കിയത്.
പൊതുജനങ്ങൾ, സ്കൂൾ–കോളേജ് വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്ന തരത്തിൽ പ്രദർശനത്തോടൊപ്പം പരീക്ഷണം, പ്രഭാഷണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സിൻഡിക്കറ്റ് അംഗം ഡോ. പി കെ ബേബി, രജിസ്ട്രാർ പ്രൊഫ. എ യു അരുൺ, ശാസ്ത്രസമൂഹം ഡയറക്ടർ ഡോ. പി ഷൈജു, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ മീരാഭായ് എന്നിവർ സംസാരിച്ചു.









0 comments