കിഴക്കമ്പലത്ത് ട്വന്റി 20ക്കെതിരെ പ്രതിഷേധാഗ്നി

കിഴക്കമ്പലം
കിഴക്കമ്പലത്തുനിന്ന് കാവുങ്ങൽപറമ്പിലേക്ക് സിപിഐ എം നടത്തിയ ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി. കിഴക്കമ്പലം– പോഞ്ഞാശേരി റോഡ് നിർമാണം നടത്താതെ കള്ളപ്രചാരണം നടത്തുന്ന ട്വന്റി 20യുടെ നടപടിക്കെതിരെയായിരുന്നു കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ സമരം. കിഴക്കമ്പലം ബസ്‌സ്‌റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ഏരിയ കമ്മിറ്റി അംഗം ജിൻസ് ടി മുസ്തഫ എന്നിവർ സംസാരിച്ചു.
കാവുങ്ങപറമ്പിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഒരു മുതലാളിയുടെയും അടിമകളായി നിൽക്കാൻ കിഴക്കമ്പലത്തെ ജനത തയ്യാറല്ലെന്നതിന്റെ പ്രഖ്യാപനമാണ് ജനകീയമാർച്ച് എന്ന് എസ് സതീഷ് പറഞ്ഞു. ജനാധിപത്യബോധത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന കഴുത്തറപ്പൻ രാഷ്ട്രീയമാണ് ട്വന്റി 20യുടേത്. ഇത്തരം ഭീഷണിക്കുമുന്നിൽ കീഴടങ്ങാൻ ഈ നാട് തയ്യാറല്ലെന്നും എസ് സതീഷ് പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, പി വി ശ്രീനിജിൻ എംഎൽഎ, പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരിം എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ഒമ്പതുവർഷമായി പഞ്ചായത്തിലെ റോഡുകളുടെ നിർമാണം നടത്തുന്ന സ്വകാര്യ കമ്പനിയാണ് ഇതേ റോഡിന്റെ നിർമാണവും ഏറ്റെടുത്തത്. പല കാരണങ്ങൾകൊണ്ട് ആറുതവണ കരാർകാലാവധി നീട്ടിനൽകിയിട്ടും പണി നടത്താതെ സർക്കാരിനും എംഎൽഎക്കുമെതിരെ കള്ളപ്രചാരണം നടത്തുന്ന ട്വന്റി 20ക്കെതിരെ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.









0 comments