സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു

പെരുമ്പാവൂർ
റോഡിന്റെ അറ്റകുറ്റപ്പണി തടഞ്ഞത് ചോദ്യംചെയ്ത സിപിഐ എം പെരുമ്പാവൂർ വെസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗത്തെ കോൺഗ്രസ് പ്രവർത്തകർ കമ്പിവടികൊണ്ട് ആക്രമിച്ചു. പരിക്കേറ്റ പെരുമ്പാവൂർ മില്ലുംപടി ക്ലാക്കൽ വീട്ടിൽ സിദ്ദിഖ് വടക്കനെ (55) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പകൽ 11നാണ് സംഭവം.
മില്ലുംപടി പാറപ്പുറം റോഡിൽ കുഴി അടയ്ക്കുന്നതിന് കൗൺസിലർ ലത എസ് നായർ സ്വന്തംചെലവിൽ റോഡിൽ മക്ക് ഇറക്കുന്നത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കൗൺസിലറെ ഭീഷണിപ്പെടുത്തുന്നതിനിടെ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുകൂടിയായ സിദ്ദിഖ് വടക്കൻ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. റോഡിലെ കുഴിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയ നേട്ടത്തിനായി പ്രചാരണം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് കൗൺസിലർ കുഴി അടയ്ക്കാൻ തീരുമാനിച്ചത്.
സിദ്ദിഖിന്റെ ചെവിക്കും തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കാരോത്തുകുഴി വീട്ടിൽ അലിയർ, ഫസ്ലിൻ, ജാബിർ, അസ്ലം എന്നിവർക്കെതിരെ പരാതി നൽകി. പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, ഏരിയ കമ്മിറ്റി അംഗം വി പി ഖാദർ, കർഷകസംഘം പ്രസിഡന്റ് കെ ഡി ഷാജി, സെക്രട്ടറി എസ് മോഹനൻ, ലോക്കൽ സെക്രട്ടറിമാരായ പി സി ബാബു, സി കെ രൂപേഷ്‌കുമാർ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.









0 comments