ആപത്തിൽ സഹായിക്കാൻ എമർജൻസി കോൾ ബോക്‌സുകൾ
നഗരം കാക്കാൻ കണ്ണ് ചിമ്മാതെ 413 കാമറകൾ ; പിടികൂടിയത് നിരവധി കുറ്റവാളികളെ

കൊച്ചി
നഗരം ഉറങ്ങിയാലും കണ്ണടയ്‌ക്കാതെ കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്‌എംഎൽ) 413 കാമറകൾ. നഗരത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറകളിലൂടെ ഇതിനകം പിടികൂടിയത് നിരവധി കുറ്റവാളികളെ. വാഹനമോഷണങ്ങൾ, ട്രാഫിക് നിയമലംഘനം എന്നിവ പിടികൂടാനും കുറ്റവാളികളുടെ സഞ്ചാരപഥം കണ്ടെത്തി പ്രതികളെ അതിവേഗം പിടികൂടാനും കാമറകൾ പൊലീസിനെ സഹായിച്ചു.
ഇന്റലിജന്റ് സിറ്റി സർവൈലൻസ് സിസ്‌റ്റത്തിന് കീഴിൽ 127 സ്ഥലങ്ങളിൽ 331 കാമറകളും ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്‌റ്റത്തിന്റെ കീഴിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് 82 കാമറുകളുമാണ് സിറ്റി പൊലീസ് നിർദേശിച്ച സ്ഥലങ്ങളിൽ 2023 മുതൽ സ്ഥാപിച്ചത്. അനധികൃത പ്രവേശനം, തീപിടിത്തം, വാഹനഗതാഗത നിരീക്ഷണം, മുഴുവൻ പ്ലാന്റിന്റെയും സമഗ്രമായ നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ ബ്രഹ്മപുരം പ്ലാന്റ് പരിസരത്തും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിലെ സിഎസ്‌എംഎൽ ആസ്ഥാനത്താണ് കൺട്രോൾ റൂം. സൗത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരം, കലൂർ ജങ്‌ഷൻ, ഫോർട്ട് കൊച്ചി, ഹൈക്കോടതി ജങ്‌ഷൻ, തേവര, കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയം തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളിൽ കാമറകളുണ്ട്.
ആപത്തിൽ സഹായിക്കാൻ എമർജൻസി കോൾ ബോക്‌സുകൾ
വിവിധയിടങ്ങളിലായി 35 സിസിടിവി കാമറകൾക്കൊപ്പം എമർജൻസി കോൾ ബോക്‌സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാമറകൾ സ്ഥാപിച്ച പോസ്റ്റിനുതാഴെയുള്ള പെട്ടിയിലെ ചുവന്നനിറത്തിലുള്ള എസ്‌ഒഎസ് സ്വിച്ചിൽ ഞെക്കിയാൽ സിഎസ്‌എംഎൽ കൺട്രോൾ റൂമിൽ സന്ദേശമെത്തും. കാമറക്കണ്ണിലൂടെ സ്ഥലവും കാണാം. ഉടൻ പൊലീസ് സഹായം എത്തിക്കാനാകും.
മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, വൈറ്റില ഹബ്, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഈ സംവിധാനമുണ്ട്. പരിസരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകാനുള്ള പബ്ലിക് അഡ്രസ് സിസ്റ്റവും ഇതിനൊപ്പമുണ്ടാകും. പഴയ കോളാമ്പി മൈക്കുപോലെ തോന്നിപ്പിക്കുന്ന ആധുനിക സ്‌പീക്കർ സംവിധാനമാണിത്. റൂമിലിരുന്നുതന്നെ ഈ സംവിധാനംവഴി അപകടമുന്നറിയിപ്പ് നൽകാനാകും. 13 സ്ഥലങ്ങളിലാണിത്.









0 comments