മുംബൈയെ അടയാളപ്പെടുത്തി
"സിറ്റീസ്: ബിൽഡ്, ബ്രോക്കൺ' പ്രദർശനം

എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ച ചിത്രപ്രദർശനത്തിൽ സുധിർ പട്--വർധൻ
കൊച്ചി
മുംബൈ നഗരജീവിതത്തെ അടയാളപ്പെടുത്തുന്ന വിഖ്യാത ചിത്രകാരൻ സുധീർ പട്‌വർധന്റെ "സിറ്റീസ്: ബിൽഡ്, ബ്രോക്കൺ' ചിത്രപ്രദർശനത്തിന് ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടക്കം. മനുഷ്യജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിത്രങ്ങളിൽ തൊഴിലാളികളും സാധാരണക്കാരുമാണ് ഏറെയും. തിരക്കേറിയ ദൈനംദിന ജോലികളിൽ മുഴുകുന്നവരുടെ മുഖങ്ങൾ മാറിമാറി കടന്നുവരുന്നുണ്ട്.
ആ മുഖങ്ങൾതന്നെയാണ് ആദ്യം കാഴ്ചക്കാരന്റെ കണ്ണിലുടക്കുക. പിന്നീടാകും ചിത്രത്തിലെ നഗരപരിസരം ശ്രദ്ധിക്കുക. എന്നിരുന്നാലും നഗരത്തിനുണ്ടാകുന്ന മാറ്റങ്ങളും മനുഷ്യ ജീവിതങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും പരസ്‌പരം രൂപപ്പെടുത്തുന്ന ഘടകങ്ങളാകുകയാണ് ഇൗ ചിത്രങ്ങളിൽ. "അണ്ടർ എ ക്ലിയർ ബ്ലൂ സ്‌കൈ' എന്ന ചിത്രം മുസ്ലിം വിഭാഗക്കാരുടെ കടകളും വീടുകളും ബുൾഡോസർകൊണ്ട് തകർത്തതിനെക്കുറിച്ചുള്ളതാണ്. "ഇറാനി കഫേ', "അനദർ ഡേ ഇൻ ദി ഓൾഡ് സിറ്റി', "ബസ് സ്‌റ്റോപ്പ്', "ഹോംലെസ്', "ആസ്‌പയർ' തുടങ്ങിയ ചിത്രങ്ങളെല്ലാം നഗരജീവിതത്തിന്റെ വിവിധ മാനങ്ങൾ പകർത്തുന്നു.
പുണെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽനിന്ന് ബിരുദം നേടിയശേഷം, റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്നതിനാണ് പട്‌വർധൻ മുംബൈയിലേക്ക് വരുന്നത്. അതിനുശേഷമാണ് ചിത്രരചന ആരംഭിക്കുന്നത്. 1970കൾ മുതൽ ഇൗ അടുത്തകാലത്തുവരെ അദ്ദേഹം വരച്ച ചിത്രങ്ങളുടെ ശേഖരമാണ് പ്രദർശനത്തിനുള്ളത്. തൊഴിലാളികളോടുള്ള ചിത്രകാരന്റെ ഐക്യപ്പെടൽ എന്ന നിലയിൽ വരച്ച ചിത്രങ്ങൾ "വർക്കർ സിരീസ്' എന്ന പേരിലാണ് പ്രദർശിപ്പിക്കുന്നത്. ഇടതു ആശയങ്ങാേളോടുള്ള താൽപ്പര്യമായിരുന്നു ഇതിനുകാരണം. ആദ്യകാല ചിത്രങ്ങളിൽ പലതും കൊച്ചിയിലെ പ്രദർശനത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സുധീർ പട്‌വർധൻ പറഞ്ഞു. " സിറ്റീസ്: ബിൽഡ്, ബ്രോക്കൺ' എന്ന പേരിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ചിത്രപ്രദർശനമാണിത്. അക്രിലിക്, ഓയിൽ, ക്രയോൺസ് എന്നിവയിലാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. ആർ ശിവകുമാറാണ് ക്യുറേറ്റർ. പ്രദർശനം 28 വരെ തുടരും.









0 comments