ഒരുവർഷം നീളുന്ന ആഘോഷം

ശതോത്തര ജൂബിലി നിറവില്‍ മഹാരാജാസ് കലാലയം

centenary

ശതോത്തര ജൂബിലിയോടനുബന്ധിച്ച്‌ എറണാകുളം മഹാരാജാസ് കോളേജിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൾവശം

avatar
സ്വന്തം ലേഖകൻ

Published on May 25, 2025, 02:19 AM | 2 min read

കൊച്ചി

ഉന്നതവിദ്യാഭ്യാസരം​ഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ‌നിരവധി മഹാരഥന്മാരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ, സാംസ്‌കാരിക–-ചരിത്ര പ്രാധാന്യമുള്ള എറണാകുളം മഹാരാജാസ് കോളേജ് 150–-ാംവർഷത്തിലേക്ക്. ഒരുവർഷം നീളുന്ന ആഘോഷങ്ങളാണ് കോളേജിന്റെ ശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ചൊവ്വ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ 150–-ാം വാർഷികാഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. ‘മധുരമീ മഹാരാജാസ്’ പൂർവവിദ്യാർഥി മഹാസം​ഗമവും വാർഷികാഘോഷത്തിന്റെ ഭാ​ഗമായി നടക്കുമെന്ന് ആഘോഷസമിതി കോ–-ഓര്‍ഡിനേറ്റര്‍ ഡോ. എം എസ് മുരളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


1845ൽ ചെറിയൊരു ഇം​ഗ്ലീഷ് എലമെന്ററി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. 1868ൽ ഹൈസ്കൂളായും 1875ൽ കോളേജായും ഉയർത്തി. ദി എറണാകുളം കോളേജ് എന്നായിരുന്നു മദ്രാസ് സർവകലാശാലയ്ക്കു കീഴിലായിരുന്ന കോളേജിന്റെ പേര്. ബ്രിട്ടീഷുകാരായിരുന്നു അന്ന് പ്രിൻസിപ്പൽമാർ. ആദ്യ പ്രിൻസിപ്പലായിരുന്ന എ എഫ് സീലി കൊച്ചി രാജ്യത്ത് ഇം​ഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കും വഹിച്ചു.


സംസ്ഥാനത്തെ ആദ്യ സർവകലാശാലയായ കേരള സർവകലാശാല രൂപീകരിച്ചതോടെ കോളേജും അതിനു കീഴിലായി. 1925ൽ സുവർണ ജൂബിലി ആഘോഷിച്ച കോളേജ് അന്നുമുതൽ മഹാരാജാസ് കോളേജ് എന്ന പേരിലായി. 1983 മുതൽ എംജി സർവകലാശാലയ്ക്കു കീഴിലാണ് പ്രവർത്തനം. നിലവിൽ 18 വിഷയങ്ങളിൽ പിഎച്ച്ഡി ​ഗവേഷണസൗകര്യങ്ങളുണ്ട്‌. കൂടാതെ 20 ബിരുദ കോഴ്‌സും 22 ബിരുദാനന്തര കോഴ്സുകളും ഒരു ഇന്റ​ഗ്രേറ്റഡ് പിജി കോഴ്സുമുണ്ട്‌.

മൂന്ന് ഹോസ്റ്റലുകൾ, കളിസ്ഥലം, ലാബുകൾ, ലൈബ്രറി എന്നിവയ്‌ക്കുപുറമെ തോട്ടേക്കാട്ട് കുടുംബം സംഭാവനയായി നൽകിയ 15 ഏക്കർ സ്ഥലവുമുണ്ട്. 2021ൽ നാക് (എൻഎഎസി) എ ​ഗ്രേഡ് പദവിയും 2015ൽ സ്വയംഭരണപദവിയും നേടി.



വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൊച്ചിന്‍ പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക് മോജോ നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടാകും. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി എന്‍ പ്രകാശ്, പിടിഎ വൈസ് പ്രസിഡന്റ് അഡ്വ. മേരി ഹര്‍ഷ, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. ഡിംബി വി ദിവാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ശതോത്തര ജൂബിലി 
സമ്മാനമായി 
അത്യാധുനിക ഓഡിറ്റോറിയം


കൊച്ചി

മഹാരാജകീയ കലാലയത്തിന്‌ ശതോത്തര ജൂബിലി സമ്മാനമായി അത്യാധുനിക ഓഡിറ്റോറിയം. 27ന്‌ ശതോത്തര ജൂബിലി ആഘോഷത്തിന്‌ തിരിതെളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓഡിറ്റോറിയവും ഉദ്‌ഘാടനം ചെയ്യും.



കിഫ്ബി ഫണ്ടില്‍നിന്ന് 15.45 കോടി ചെലവഴിച്ച് ഊരാളുങ്കൽ സൊസൈറ്റിയാണ്‌ 3875.65 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഓഡിറ്റോറിയം നിര്‍മിച്ചത്. മൂന്നുനിലകളുള്ള ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയിൽ പാർക്കിങ്‌ സൗകര്യം ഒരുക്കി. പ്രധാന ഹാളിൽ 700 പേർക്കും ബാൽക്കണിയിൽ 350 പേർക്കും ഇരിക്കാം. നഗരത്തിലെ ചെറുതും വലുതുമായ പരിപാടികൾക്ക്‌ ഓഡിറ്റോറിയം നല്‍കും.

ഭിന്നശേഷിക്കാരെക്കൂടി കണക്കിലെടുത്ത്‌ മൂന്ന് ലിഫ്റ്റുകള്‍ ഒരുക്കും. രണ്ടുമാസത്തിനകം ഇത്‌ സജ്ജമാകും. അതുവരെ താൽക്കാലിക റാമ്പ് സൗകര്യമുണ്ട്.



പുതിയ കോഴ്സുകളും ഗവേഷണകേന്ദ്രങ്ങളും ആരംഭിക്കുമ്പോൾ ഉണ്ടാകാനിടയുള്ള സ്ഥലപരിമിതി മറികടക്കാനും ഓഡിറ്റോറിയം സൗകര്യങ്ങൾ പ്രയോജനപ്പെടുമെന്ന്‌ ബിൽഡിങ് കമ്മിറ്റി കൺവീനർ ഡോ. എം എസ് മുരളി പറഞ്ഞു.



1975ൽ മഹാരാജാസ് കോളേജി​ന്റെ നൂറാംവാർഷികത്തിൽ നിർമിച്ച സെന്റിനറി ഓഡിറ്റോറിയം തകർച്ചയിലായതിനെ തുടർന്നാണ്‌ പുതിയ ഓഡിറ്റോറിയം നിർമിച്ചത്‌. എൽഡിഎഫ്‌ സർക്കാർ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് കോളേജിൽ നടപ്പാക്കിയത്. പുതിയ ഹോസ്റ്റൽ ബ്ലോക്കുകൾ, ഓഡിറ്റോറിയം, സിന്തറ്റിക് ട്രാക്കോടെ നവീകരിച്ച സ്റ്റേഡിയം, ഹോക്കി ടർഫ് തുടങ്ങിയ വികസനപദ്ധതികൾ കോളേജിൽ യാഥാർഥ്യമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home