അഭിരുചികൾ തളിർക്കും
"ക്രിയേറ്റീവ് കോർണർ'

പല്ലാരിമംഗലം ജിവിഎച്ച്‌എസ്‌എസിലെ ക്രിയേറ്റീവ് കോർണറിൽ ഉടുപ്പ് നിർമിക്കുന്ന കുട്ടികൾ
എസ് ശ്രീലക്ഷ്‌മി
Published on Jul 21, 2025, 01:25 AM | 1 min read
കൊച്ചി
ക്ലാസ് മുറികളിൽനിന്ന് ക്രിയേറ്റീവ് കോർണറുകളിലേക്കെത്താൻ തിടുക്കമാണിപ്പോൾ കൊച്ചുമിടുക്കർക്ക്. കൂട്ടുകാർക്കൊപ്പംചേർന്ന് പേപ്പർ ബാഗും ബൾബും കേക്കുമെല്ലാം ഉണ്ടാക്കാനുള്ള ആവേശം. പഠനത്തിനൊപ്പം നൈപുണി വികസനവും ലക്ഷ്യമിട്ട് സമഗ്രശിക്ഷാ കേരളം (എസ്‌എസ്‌കെ) സ്കൂളുകളിൽ ഒരുക്കിയതാണ് "ക്രിയേറ്റീവ് കോർണർ'.
സ്റ്റാർസ് പദ്ധതിയിൽ ജില്ലയിൽ 15 പൊതുവിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോർണർ ആരംഭിച്ചത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി. കുസാറ്റിന്റെ സഹകരണത്തോടെ 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയിൽ കൃഷി, ഇലക്‌ട്രിക്കൽ, നിർമാണമേഖല, ഫാഷൻ ഡിസൈനിങ്, പാചകം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് പ്രായോഗിക അറിവുകൾ ലഭിക്കും. ബൾബ്, ബുക്ക്, പേപ്പർ ബാഗ് എന്നിവയുടെ നിർമാണം, എംബ്രോയ്‌ഡറി, പെയിന്റിങ് തുടങ്ങിയവയെല്ലാം പഠിക്കുന്നു.
സാലഡ്, കേക്ക് തുടങ്ങിയവയുമുണ്ടാക്കുന്നു. ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ചെയ്തുനോക്കാനാകും. അഭിരുചിക്കിണങ്ങിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടാനുംസഹകരണ മനോഭാവവും വളർത്താനും ക്രിയേറ്റീവ് കോർണർ സഹായിക്കും. അധ്യാപകരും രക്ഷിതാക്കളും അതതു മേഖലകളിലെ വൈദഗ്‌ധ്യമുള്ളവരും പിന്തുണയ്‌ക്കാനുണ്ട്.
മറ്റു സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കും ക്രിയേറ്റീവ് കോർണറുകൾ പ്രയോജനപ്പെടുത്താം.
മികച്ച പ്രതികരണമാണ് ക്രിയേറ്റീവ് കോർണറിന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നതെന്നും ക്ലാസ് മുറിയിൽ കേൾവിക്കാരായി മാറാതെ കുട്ടികൾ ഊർജസ്വലരായിരിക്കാൻ ക്രിയേറ്റീവ് കോർണറുകൾ സഹായിക്കുന്നുണ്ടെന്നും എസ്‌എസ്‌കെ ജില്ലാ പ്രോജക്‌ട് കോ–-ഓർഡിനേറ്റർ ഇൻ ചാർജ് ജോസഫ് വർഗീസ്, ക്രിയേറ്റീവ് കോർണറിന്റെ ചുമതലയുള്ള ജില്ലാ പ്രോഗ്രാം ഓഫീസർ ഇ എച്ച് അനുപമ എന്നിവർ പറഞ്ഞു. 25 സ്കൂളുകളിൽക്കൂടി ക്രിയേറ്റീവ് കോർണർ ആരംഭിക്കാനുള്ള പട്ടിക അനുമതിക്കായി നൽകിയിട്ടുണ്ട്.
ക്രിയേറ്റീവ് കോർണർ ആരംഭിച്ച സ്കൂളുകൾ
ജിഎച്ച്‌എസ്‌എസ് സൗത്ത് വാഴക്കുളം, ജിഎംഐ യുപിഎസ് വെളിയത്തുനാട് (ആലുവ), ജിഎച്ച്‌എസ്‌എസ് മഞ്ഞപ്ര (അങ്കമാലി), ജിവിഎച്ച്‌എസ്‌എസ് പല്ലാരിമംഗലം, ജിയുപിഎസ് തട്ടേക്കാട് (കോതമംഗലം), ജിയുപിഎസ് വലമ്പൂർ, ജിയുപിഎസ് കുറിഞ്ഞി (കോലഞ്ചേരി), ജിവിഎച്ച്‌എസ്‌എസ് തിരുമാറാടി (കൂത്താട്ടുകുളം), ജിഎച്ച്‌എസ്‌എസ് ശിവൻകുന്ന് (മൂവാറ്റുപുഴ), ജിഎച്ച്‌എസ് തത്തപ്പിള്ളി (നോർത്ത് പറവൂർ),
ജിജിഎച്ച്‌എസ്‌എസ് പെരുമ്പാവൂർ, ജിയുപിഎസ് കണ്ടന്തറ (പെരുമ്പാവൂർ), ജിയുപിഎസ് അശമന്നൂർ (കൂവപ്പടി), ജിഎച്ച്‌എസ്‌എസ് ഊരമന (പിറവം), ജിഎച്ച്‌എസ് പുളിക്കമാലി (തൃപ്പൂണിത്തുറ).









0 comments