മാലിന്യം തള്ളുന്നവർക്ക്‌ പിടിവീണു ;
 കാമറകൾ കൊള്ളാമെന്ന്‌ പ്രതിപക്ഷം

cctv
വെബ് ഡെസ്ക്

Published on Sep 02, 2025, 01:30 AM | 1 min read


കൊച്ചി

പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത്‌ തടയാൻ ഡിവിഷനുകളിൽ കാമറകൾ സ്ഥാപിച്ച നടപടി കൊള്ളാമെന്ന്‌ സമ്മതിച്ച്‌ യുഡിഎഫ്‌. മാലിന്യം തള്ളുന്നത്‌ കുറഞ്ഞതായും പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നല്ലരീതിയിൽ നടക്കുന്നതായും യുഡിഎഫ്‌ അംഗങ്ങൾ ക‍ൗൺസിലിൽ പറഞ്ഞു.


ശേഷിക്കുന്ന ഡിവിഷനുകളിൽ അടിയന്തരമായി കാമറകൾ സ്ഥാപിക്കാൻ മേയർ എം അനിൽകുമാർ നിർദേശം നൽകി. കാമറകൾ സ്ഥാപിച്ചത്‌ വൻ വിജയമാണെന്ന്‌ ചർച്ചയിൽനിന്ന്‌ വ്യക്തമായി. 300 കാമറകൾ സ്ഥാപിക്കാനാണ്‌ തീരുമാനം. ഇതിൽ 150 എണ്ണം ക‍ൗൺസിലർമാർ നിർദേശിക്കുന്നിടങ്ങളിലും ശേഷിക്കുന്നവ പൊലീസ്‌ പറയുന്ന സ്ഥലങ്ങളിലുമാണ്‌. ക‍ൗൺസിലർമാർ നിർദേശിച്ച സ്ഥലങ്ങളിൽ 130 കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. കാമറകൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിക്കായി കെഎസ്‌ഇബിയുമായി ചർച്ച നടത്താൻ സെക്രട്ടറിയോട്‌ മേയർ നിർദേശിച്ചു. നിലവിൽ സ്വകാര്യസ്ഥാപനങ്ങളിൽനിന്നാണ്‌ കണക്‌ഷൻ. ഇതിന്‌ പകരം കണക്‌ഷൻ കോർപറേഷൻ എടുത്തുനൽകുന്നതിലാണ്‌ ചർച്ച നടത്തുക. മാലിന്യം വലിച്ചെറിയുന്നത്‌ തടയാൻ പൊലീസുമായി സഹകരിച്ച്‌ സ്‌ക്വാഡ്‌ പ്രവർത്തനം ശക്തമാക്കാനും മേയർ നിർദേശം നൽകി.


ഓണാഘോഷത്തെ തുടർന്നുണ്ടാകുന്ന മാലിന്യം നീക്കാൻ സമാന്തര സ‍ൗകര്യം ഒരുക്കണമെന്നും മേയർ ആവശ്യപ്പെട്ടു. തിരുവോണത്തിന്‌ പിന്നാലെ മാലിന്യം മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ഇതിന്‌ സെക്രട്ടറി മുൻകൈയെടുക്കണമെന്നും പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന അർബൻ കോൺക്ലേവിന്‌ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി എല്ലാവരും സഹകരിക്കണമെന്ന്‌ മേയർ അഭ്യർഥിച്ചു. കെ സ്‌മാർട്ട്‌ മുഖാന്തിരമുള്ള ഫയൽ നീക്കത്തിന്റെ റിപ്പോർട്ടുകൾ ആഴ്‌ചതോറും സമർപ്പിക്കാനും മേയർ നിർദേശിച്ചു. ‘ഓണാഘോഷ’ മൂഡിലായതിനാൽ ആരോപണ, പ്രത്യാരോപണങ്ങളും പ്രതിഷേധവുമില്ലാതെ ക‍ൗൺസിൽ സുഗമമായി നടന്നു. ക‍ൗൺസിൽ മുടക്കുന്ന പതിവിന്‌ യുഡിഎഫ്‌ ‘ഓണാവധി’ നൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Home