ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ ; പുതുജീവനേകിയത്‌ 1612 നീർച്ചാലുകൾക്ക്

campaign
avatar
എസ്‌ ശ്രീലക്ഷ്‌മി

Published on Jan 08, 2025, 03:22 AM | 1 min read


കൊച്ചി

"ഇനി ഞാനൊഴുകട്ടെ' ജനകീയ ക്യാമ്പയിനിലൂടെ ജില്ലയിൽ പുതുജീവനേകിയത്‌ 1612 നീർച്ചാലുകൾക്ക്‌. ജില്ലയിലെമ്പാടുമായി ആകെ 2823.55 കീലോമീറ്റർ, നികന്നുപോയതോ ഒഴുക്ക് നിലച്ചതോ കൈയേറ്റം ചെയ്യപ്പെട്ടതോ ആയ നീർച്ചാലുകള്‍ ശുചീകരിച്ച്‌ സുഗമമായ നീരൊഴുക്ക്‌ സാധ്യമാക്കി. നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട്‌ ഹരിതകേരളം മിഷൻ ആരംഭിച്ച ക്യാമ്പയിനില്‍ 2021 ഏപ്രിൽമുതൽ 2024 നവംബർവരെ രണ്ടുഘട്ടമായി നടപ്പാക്കിയ പ്രവൃത്തികളുടെ കണക്കാണിത്‌.


ജില്ലയിൽ 82 തദ്ദേശസ്ഥാപന പരിധിയിൽ വിവിധയിടങ്ങളിലായി 179 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. ജലലഭ്യത ആവശ്യമായ ഇടങ്ങൾ കണ്ടെത്തി 290 കുളം നിർമിച്ചു. 823 കിണറുകൾ റീചാർജ്‌ ചെയ്ത്‌ ജലലഭ്യത ഉറപ്പാക്കി. 522 കിണറുകൾ പുതുതായി നിർമിച്ചു. 22 സ്ഥിരം തടയണകളും നിർമിച്ചു. ജലത്തിന്റെ ​ഗുണനിലവാരം പരിശോധിക്കാൻ ജില്ലയിലാകെ 54 ലാബുകൾ സ്ഥാപിച്ചു. ആകെ 94 പരിശോധന നടത്തി.


ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളാണ്‌ ക്യാമ്പയിന്‍ നടപ്പാക്കുന്നത്‌. 2019ലാണ്‌ "ഇനി ഞാൻ ഒഴുകട്ടെ' സംസ്ഥാനത്ത്‌ തുടങ്ങിയത്‌. മൂന്നാംഘട്ടം 2024 ഡിസംബറിൽ ജില്ലയിൽ ആരംഭിച്ചു. മണീട്‌ പഞ്ചായത്തിലെ എട്ട്‌ കിലോമീറ്റർ പുഞ്ചത്തോട്‌ വൃത്തിയാക്കിയാണ്‌ മൂന്നാംഘട്ടം തുടങ്ങിയത്‌.


ജില്ലയിൽ ഗ്രാമീണ മേഖലയിൽ പ്രവർത്തനം മികച്ചരീതിയിൽ നടക്കുന്നുണ്ടെന്ന്‌ ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ്‌ രഞ്ജിനി പറഞ്ഞു. നഗരമേഖലയിൽ ബുദ്ധിമുട്ടുകൾ പരിഹരിച്ച്‌ പ്രവൃത്തികൾ സുഗമമായി നടത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്‌. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാ​ഗമായി മാർച്ച് 22 ലോക ജലദിനത്തിൽ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി വീണ്ടെടുക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home