ചർച്ച പരാജയം ; സ്വകാര്യ ബസ് ജീവനക്കാരുടെ സമരം തുടരും

അങ്കമാലി
അങ്കമാലി,- കാലടി, അത്താണി, കൊരട്ടി മേഖകളിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം തുടരും. കാലാവധി കഴിഞ്ഞ കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് നടന്ന ഏഴാംവട്ട ഒത്തുതീർപ്പ് ചർച്ചയും പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരം തുടരുന്നതെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി.
വെള്ളിയാഴ്ച ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ച ഉടമകളുടെ പിടിവാശിയെ തുടർന്നാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഒരു ബസിൽ മൂന്ന് ജീവനക്കാർക്കുംകൂടി 300 രൂപയുടെ വർധന നൽകാനെ കഴിയൂയെന്നായിരുന്നു ഉടമകളുടെ നിലപാട്. ഉടമ സംഘടനയുടെ പ്രധാന ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തില്ല. ജില്ലാ ലേബർ ഓഫീസറുടെ നിർദേശം സംയുക്ത സമരസമിതി അംഗീകരിച്ചെങ്കിലും ഉടമകൾ തയ്യാറായില്ല.
സമാധാനപരമായി സമരം ചെയ്യുന്ന ജീവനക്കാരെ മോശക്കാരാക്കാൻ ബസിന്റെ ഗ്ലാസ് ഉടമകളുടെ അറിവോടെ തകർത്ത സംഭവം കഴിഞ്ഞദിവസം ഉണ്ടായതായി സമരസമിതി വ്യക്തമാക്കി. പൊട്ടിയ ഗ്ലാസ് തള്ളിയിട്ടതിനെ തുടർന്ന് ഒരു തൊഴിലാളിക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.
സമരസമിതിക്കുവേണ്ടി സി കെ സലിംകുമാർ, പി വി ടോമി, പി ജെ വർഗീസ്, കെ പി പോളി, പി ജെ ജോയി, പോളി കളപ്പറമ്പിൻ എന്നിവരും ഉടമകൾക്കുവേണ്ടി കെ സി വിക്ടർ, ജെറമിയാസ് വിക്ടർ എന്നിവരും പങ്കെടുത്തു.









0 comments