സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് ഇന്ന്

അങ്കമാലി
വേതനവർധനയും കാലാവധി കഴിഞ്ഞ ദീർഘകാല കരാർ പുതുക്കിനിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ തിങ്കളാഴ്ച സൂചനാപണിമുടക്ക് നടത്തും.
കഴിഞ്ഞ സെപ്തംബറിൽ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് തൊഴിലാളി സംഘടനകളുടെ സംയുക്തസമിതി ഉടമാസംഘത്തിന് നോട്ടീസ് കൊടുത്തെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്കിന് നിർബന്ധിതരായതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ജൂലൈ 15ന് സൂചനാപണിമുടക്ക് നിശ്ചയിച്ചിരുന്നുവെങ്കിലും ഉടമകളുമായുള്ള ചർച്ചയിൽ വേതനം വർധിപ്പിക്കാമെന്ന് ധാരണ ഉണ്ടായതിനാൽ ഉപേക്ഷിച്ചു. എന്നാൽ, ധാരണയിൽനിന്ന് ഉടമകൾ പിൻവാങ്ങി. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെ ജീവനക്കാരുടെ വേതനം കൂട്ടാനാകില്ലെന്ന പിടിവാശിയിലാണ് ഉടമകൾ. വേതനവർധന നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിനാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ തീരുമാനം.
പണിമുടക്കിൽനിന്ന് ജീവനക്കാർ പിൻവാങ്ങണമെന്ന് ബസുടമാസംഘം ഭാരവാഹികളായ എ പി ജിബിയും ബി ഒ ഡേവിസും അഭ്യർഥിച്ചു. നഷ്ടം സഹിച്ച് സർവീസ് കൊണ്ടുപോകാനാകില്ലെന്നും സാഹചര്യം മനസ്സിലാക്കി തൊഴിലാളി സംഘടനകൾ നിലപാട് സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.









0 comments