ജില്ലയിലെ 10 ഡിപ്പോകളിൽനിന്ന്‌ 
ആവശ്യാനുസരണം അധിക സർവീസ്‌ നടത്തി

സ്വകാര്യ ബസ്‌ പണിമുടക്ക്‌ ; യാത്രക്കാർക്ക്‌ ആശ്വാസമായി കെഎസ്‌ആർടിസി

Bus Strike
വെബ് ഡെസ്ക്

Published on Jul 09, 2025, 02:16 AM | 2 min read


കൊച്ചി

സ്വകാര്യ ബസുകൾ പണിമുടക്കിയപ്പോൾ, യാത്രക്കാർക്ക്‌ ആശ്വാസമായി കെഎസ്‌ആർടിസിയുടെ അധിക സർവീസ്‌. ജില്ലയിലെ 10 ഡിപ്പോകളിൽനിന്ന്‌ ആവശ്യാനുസരണം അധിക സർവീസ്‌ നടത്തി. ഡിടിഒ ഉബൈദിന്റെയും അതതിടത്തെ എടിഒമാരുടെയും നേതൃത്വത്തിൽ ട്രിപ്പുകൾ ക്രമീകരിച്ചു. എറണാകുളം ഡിപ്പോയിൽ മാത്രം ഉച്ചവരെ ഒരുഡസനിലേറെ അധിക സർവീസ്‌ നടത്തി. വൈറ്റില–-പറവൂരിലേക്ക്‌ മൂന്ന്‌ ട്രിപ്പ്‌, ഗോശ്രീ ഭാഗത്തേക്ക്‌ ആറു ട്രിപ്പ്‌, വൈറ്റിലയിൽനിന്ന്‌ കോട്ടയത്തേക്ക്‌ മൂന്ന്‌ ലോഫ്ലോറുകളും സർവീസ്‌ നടത്തി.


കൂടാതെ, അങ്കമാലി, പറവൂർ, ആലുവ, പെരുമ്പാവൂർ, കോതമംഗലം, പിറവം, മൂവാറ്റുപുഴ, കൂത്താട്ടുകളും എന്നിവിടങ്ങളിൽനിന്ന്‌ ഗ്രാമീണ മേഖലയിലേക്ക്‌ ആവശ്യത്തിനനുസരിച്ച്‌ അധിക സർവീസ്‌ നടത്തി. ഇതോടെ ജോലിസ്ഥലങ്ങൾ, മറ്റുസ്ഥാപനങ്ങൾ, കടകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ എത്തിപ്പെടാൻ യാത്രക്കാർ കാര്യമായി ബുദ്ധിമുട്ടിയില്ല.


സ്വകാര്യ ബസ്‌ പണിമുടക്കിന്‌ മുന്നോടിയായി മുഴുവൻ ബസുകളും സർവീസിന്‌ യോഗ്യമാക്കി ഓടിക്കാൻ കെഎസ്‌ആർടിസി തയ്യാറെടുത്തിയിരുന്നു. ആശുപത്രികൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലേക്ക്‌ ആവശ്യാനുസരണം സർവീസ്‌ നടത്തിയതിനാൽ യാത്രക്കാർക്ക്‌ തിരക്കില്ലാതെ സഞ്ചരിക്കാനും കഴിഞ്ഞു. എറണാകളും നഗരത്തിലെ മെട്രോ റെയിൽ സർവീസും ഏറെ സഹായകരമായി. ഫോർട്ട്‌ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിലേക്ക്‌ പോകേണ്ടവർ വാട്ടർ മെട്രോയും കെഎസ്‌ആർടിസിയുടെ കീഴിലുള്ള കെഎസ്‌ഡബ്ല്യുടിഡി ബോട്ട്‌ സർവീസും ഉപയോഗപ്പെടുത്തി.


കെഎസ്‌ആർടിസിയിലെ ഓരോ ഡിപ്പോകളിലും വരുന്ന തിരക്കിനനുസരിച്ചാണ്‌ അധിക ഷെഡ്യൂളും ട്രിപ്പും ക്രമീകരിച്ചത്‌. ആവശ്യമായിടങ്ങളിൽ ദീർഘദൂര സർവീസും നടത്തി. ഇതോടെ, സ്വകാര്യ ബസ്‌ പണിമുടക്ക്‌ ദിനത്തിൽ കെഎസ്‌ആർടിസിയുടെ വരുമാനം കുത്തനെ വർധിച്ചു. ജില്ലയിൽ ഒരിടത്തുപോലും ബസിനുനേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.


പണിമുടക്ക്‌ പൂർണം

സംയുക്ത ബസ്‌ ഉടമാസമിതിയുടെ സൂചനാപണിമുടക്ക്‌ ജില്ലയിൽ പൂർണം. തിങ്കൾ അർധരാത്രി ആരംഭിച്ച പണിമുടക്ക്‌ ചൊവ്വ അർധരാത്രിയാണ്‌ സമാപിച്ചത്‌. ജില്ലയിലെ രണ്ടായിരത്തോളം സ്വകാര്യബസ്‌ പണിമുടക്കിയെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എം സിറാജ്‌ പറഞ്ഞു. കെഎസ്‌ആർടിസി ബസുകളും മറ്റു സ്വകാര്യ ടാക്‌സികളുമാണ്‌ യാത്രക്കാർക്ക്‌ ആശ്രയമായത്‌. സ്വകാര്യ ബസുകൾ നിരത്ത്‌ ഒഴിഞ്ഞതിനുപിന്നാലെ, ടാക്‌സികളും മറ്റു സ്വകാര്യ വാഹനങ്ങളും കൂട്ടമായി നിരത്തിലിറങ്ങിയത്‌ പലയിടത്തും ഗതാഗതക്കുരുക്കിന്‌ ഇടയാക്കി. ദീർഘദൂര ബസ്‌പെർമിറ്റ്‌ പുതുക്കിനൽകുക, വിദ്യാർഥി കൺസഷൻ നിരക്ക്‌ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ 22 മുതൽ സ്വകാര്യബസുടമകൾ അനിശ്‌ചിതകാല പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. സംയുക്ത ട്രേഡ്‌ യൂണിയൻ പണിമുടക്കായതിനാൽ ബുധനാഴ്‌ചയും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല.



deshabhimani section

Related News

View More
0 comments
Sort by

Home