പറവൂർ -വൈപ്പിൻ സ്വകാര്യ ബസ് സർവീസ് നിർത്തും ; ആഗസ്‌ത് ഒന്നിന് സൂചനാപണിമുടക്ക്

പറവൂർ
പൊട്ടിപ്പൊളിഞ്ഞ ദേശീയപാത 66വഴി സ്വകാര്യബസുകളുടെ സർവീസുകൾ നിർത്തിവച്ച് ആഗസ്‌ത് ഒന്നിന് സ്വകാര്യബസുകള്‍ സൂചനപണിമുടക്ക് നടത്തും. നടപടിയുണ്ടായില്ലെങ്കിൽ ഏഴുമുതൽ പറവൂരിൽനിന്ന് വൈപ്പിൻ, കൊടുങ്ങല്ലൂർ, വരാപ്പുഴ, ഇടപ്പള്ളി മേഖലകളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ നിർത്തും. ലിമിറ്റഡ് സ്‌റ്റോപ്പുകളും സമരവുമായി സഹകരിക്കും.
ഗോശ്രീ മൂന്നാം പാലം സഞ്ചാരയോഗ്യമാക്കാത്തതാണ് വൈപ്പിൻ മേഖലയിലേക്കുള്ള ബസുകളും സമരത്തിനിറങ്ങാൻ കാരണം. ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16ന് പറവൂർ -കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽപ്പണിമുടക്ക് നടത്തിയിരുന്നു. ഉടമകളും തൊഴിലാളികളും സമരത്തില്‍ സഹകരിക്കും.
വരാപ്പുഴ, മൂത്തകുന്നം പാലങ്ങളിലെ വഴിവിളക്കുകൾ തെളിക്കുക, ദേശീയപാതയിലെ കുഴിയടയ്ക്കൽ ശാസ്ത്രീയമായി ചെയ്യുക, ഇടപ്പള്ളി - മൂത്തകുന്നം റോഡിലും ഗോശ്രീ മൂന്നാംപാലത്തിലും ബോൾഗാട്ടി കവലയിലും ബിഎംബിസി ടാറിങ് നടത്തുക, ഇടപ്പള്ളി- മൂത്തകുന്നം റോഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുക, സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഇടപ്പള്ളിമുതൽ കൂനമ്മാവ്‌വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുക, അശാസ്ത്രീയമായ കുഴിയടയ്‌ക്കലിലൂടെ ചട്ടലംഘനം നടത്തുന്ന കരാർക്കമ്പനിക്കെതിരെ നടപടിയെടുക്കുക, മുനമ്പം കവലയിലെ അണ്ടർപാസ് സഞ്ചാരയോഗ്യമാക്കുക, വൈപ്പിൻ -പറവൂർ മേഖലയിലെ അനധികൃത പാർക്കിങ് നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമ, തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നുണ്ട്. സമരംസംബന്ധിച്ച ആലോചനായോഗത്തിൽ ബസുടമ സംഘടനകളെ പ്രതിനിധീകരിച്ച് പി കെ ലെനിൻ, കെ ജെ ഓജൻ, ജോഷി, അയൂബ് ഖാൻ, മുഹമ്മദ് ഷാനവാസ് എന്നിവരും ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ എ അജയകുമാർ, പറവൂർ ആന്റണി, ജോഷി കൊടുങ്ങല്ലൂർ, കെ ഡി സിനോജ്, എം ജെ രാജു, ഒ ബി അഭിലാഷ് എന്നിവരും പങ്കെടുത്തു.









0 comments