പറവൂർ–വൈപ്പിൻ മേഖല സ്വകാര്യ ബസ് സമരം പൂർണം ; ജനം വലഞ്ഞു

പറവൂർ
പറവൂർ–വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ്‌സമരം പൂർണമായതോടെ യാത്രക്കാർ വലഞ്ഞു. വരാപ്പുഴമുതൽ മൂത്തകുന്നംവരെ ദേശീയപാത താറുമാറായതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ബസ്‌സമരം പ്രഖ്യാപിച്ചത്.
ഗോശ്രീ മൂന്നാംപാലം ഗതാഗതത്തിന് തുറന്നുനൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ദേശീയപാതയിലൂടെ കടന്നുപോകുന്ന ബസുകളും ഗോശ്രീ പാലംവഴി പോകുന്ന ബസുകളും സമരത്തിൽ പങ്കെടുക്കുമെന്നും മറ്റു ഭാഗത്തേക്കുള്ളവ സർവീസ് നടത്തുമെന്നുമാണ് ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ, രാവിലെമുതൽ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തി. അങ്കമാലി ഭാഗത്തേക്കുള്ള ബസുകൾ ടൗണിന് പുറമെനിന്ന് സർവീസ് നടത്തി.
ആലുവ ഭാഗത്തേക്കുള്ള കെഎസ്‌ആർടിസിയുടെ ചില ബസുകളുടെ സർവീസ് ഒഴിവാക്കി ഗോശ്രീപാലം, വൈറ്റില തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടത് യാത്രക്കാർക്ക് അൽപ്പം ആശ്വാസമായി. ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവീസ് നടത്തി.
ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16ന് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽപ്പണിമുടക്ക് നടത്തിയിരുന്നു. എന്നിട്ടും നടപടികൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് സൂചനാപണിമുടക്ക് നടത്തിയത്.
പരിഹാരമായില്ലെങ്കിൽ ഏഴുമുതൽ മൂത്തകുന്നം -പറവൂർ - ഇടപ്പള്ളി റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഉടമകളുടെ തീരുമാനം.









0 comments