എംവിഡി പരിശോധനയ്‌ക്കെതിരെ പ്രതിഷേധം ; കാക്കനാട് സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് , യാത്രക്കാർ വലഞ്ഞു

കാക്കനാട്
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കെതിരെ കാക്കനാട് മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും മിന്നൽ പണിമുടക്ക് നടത്തി. മുന്നറിയിപ്പില്ലാതെ പൊതുഗതാഗതം സ്തംഭിപ്പിച്ച് നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. നിരന്തരം പരിശോധന നടത്തി പിഴ ചുമത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. തിങ്കൾ രാവിലെ 10ന് കാക്കനാട് ബസ് സ്റ്റാൻഡിൽ ട്രിപ്പ് മുടക്കി കിടന്ന ബസുകൾക്കും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്കുമെതിരെ എംവിഡി ഉദ്യോഗസ്ഥർ പിഴചുമത്തിയിരുന്നു. ഇതാണ് തൊഴിലാളികളെയും ഉടമകളെയും പ്രകോപിപ്പിച്ചത്.
തൊഴിലാളികളും ഉടമകളും പ്രതിഷേധവുമായി എത്തിയെങ്കിലും പരിശോധന നിർത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് പ്രതിഷേധക്കാർ സംഘടിച്ചെത്തി സർവീസുകൾ നിർത്തിവയ്ക്കാൻ അറിയിച്ചു. ആളെ കയറ്റിവന്ന സ്വകാര്യ ബസും സ്റ്റാൻഡിലെത്തിയ കെഎസ്ആർടി ബസും സമരക്കാർ തടഞ്ഞു. തൃക്കാക്കര പൊലീസെത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്.
പ്രതിഷേധക്കാർ മാവേലിപുരത്തുള്ള ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മെട്രോ നിർമാണം നടക്കുന്ന റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കുമൂലം സമയക്രമം പാലിക്കാൻ കഴിയാതെ പലപ്പോഴും ട്രിപ്പുകൾ ഒഴിവാക്കേണ്ടിവരുന്നതായി ബസ് തൊഴിലാളികൾ പറഞ്ഞു. ഇതിന് 7000 മുതൽ 10,000 രൂപവരെ പിഴയിടുന്നു. മെട്രോ പണി പൂർത്തിയാകുന്നതുവരെ ട്രിപ്പ് മുടങ്ങുന്ന കാര്യത്തിൽ ഇളവ് വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യം ട്രാൻസ്പോർട്ട് കമീഷണറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ചമുതൽ ബസുകൾ സർവീസ് നടത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.









0 comments