കൂട്ടിക്കുളം പാലം തുറന്നു

കോതമംഗലം
കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, സൽമ പരീത്, ശ്രീജ ബിജു, മേരി കുര്യാക്കോസ്, ബിൻസി മോഹൻ, പി എൻ കുഞ്ഞുമോൻ, എം എസ് ആരോമൽ എന്നിവർ സംസാരിച്ചു.
എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 46 ലക്ഷം രൂപ ചെലവഴിച്ചാണ് കൂട്ടിക്കുളം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയാക്കിയത്. ഇടുക്കി,- എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ മാമലക്കണ്ടംവഴി കടന്നുപോകുന്ന പ്രധാനപാതയിലെ പാലമാണ് തുടർച്ചയായ കാലവർഷക്കെടുതിയെ തുടർന്ന് തകർച്ചയിലായത്. നന്നേ വീതികുറഞ്ഞതും ഇടുങ്ങിയതുമായ പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മാത്രമല്ല, ശക്തമായ മഴയത്ത് വെള്ളം ക്രമാതീതമായി ഉയരുന്നതുമൂലം പാലത്തിലൂടെയുള്ള യാത്ര പലപ്പോഴും മുടങ്ങുന്ന സാഹചര്യമായിരുന്നു.
തുടർച്ചയായ വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്നതിനാൽ ആവശ്യമായ ഉയരം കൂട്ടിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഉയരംകൂട്ടി നിർമിച്ചതിനാൽത്തന്നെ രണ്ടുവശത്തേക്കും ദൈർഘ്യമേറിയ അപ്രോച്ച് റോഡും ആവശ്യമായി വന്നു.









0 comments