തടസ്സം നീങ്ങി
മുനമ്പം–അഴീക്കോട് പാലം നിർമാണം അവസാനഘട്ടത്തിലേക്ക്

മുനമ്പം – അഴീക്കോട് പാലത്തിന്റെ നിർമാണപുരോഗതി ഇ ടി ടൈസൺ എംഎൽഎ വിലയിരുത്തുന്നു
കൊടുങ്ങല്ലൂർ
മുനമ്പം– അഴീക്കോട് പാലം നിർമാണത്തിൽ മുനമ്പം ഭാഗത്തുണ്ടായ തടസ്സം നീങ്ങി. നിർമാണം ഇനി അതിവേഗത്തിലാകും. മുനന്പം ഭാഗത്തെ നിർമാണത്തിനായി സ്വകാര്യഭൂമി വിട്ടു നൽകാൻ ഹൈക്കോടതി വിധിയായതോടെയാണ് തടസ്സം നീങ്ങിയത്.
പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അഴീക്കോട് ഭാഗത്ത് പുരോഗമിക്കുന്നുണ്ടെങ്കിലും മറുകരയായ മുനമ്പം ഭാഗത്ത് പ്രശ്‌നമായിരുന്നു. സ്വകാര്യ വ്യക്തിയും റവന്യൂ വകുപ്പുമായി ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കേസിൽ സർക്കാരിന് അനുകൂലമായ വിധി നിർണയത്തിലൂടെ ഇത് അവസാനിച്ചു. നിലവിൽ അഴീക്കോട് ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായി. കായൽഭാഗത്ത് ഫൗണ്ടേഷൻ വർക്കുകൾ പൂർത്തീകരിച്ച് സബ്സ്ക്രൈബ് നിർമാണ പ്രവൃത്തികൾ നടക്കുകയാണ്. മുനമ്പം ഭാഗത്ത് ഫൗണ്ടേഷൻ വർക്കുകളുടെ പ്രവൃത്തി നടന്നുവരുന്നുമുണ്ട്.
പാലം നിർമാണത്തിന്റെ പ്രധാന ഭാഗമായ സൂപ്പർ സ്ട്രാക്ടർ സെഗ്മെന്റൽ ഓട്ടോ ലോഞ്ചിങ് സിസ്റ്റത്തിലൂടെയാണ് നിലവിൽ നിർമാണം നടക്കുന്നത്. 52.65 മീറ്റർ നീളമുള്ള മെയിൻ സ്ലാബിന് 18 സെഗ്‌മെന്റുകൾ ആക്കി നിർമിച്ചു കൊണ്ടുവന്ന് ആധുനിക യന്ത്രസംവിധാനത്തോടെ ഘടിപ്പിക്കുന്നതാണ് ഈ നൂതന രീതി. ഇതിലൂടെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാനും പാലം നിർമാണം മൂലം കായലിൽ ഉണ്ടാകാൻ സാധ്യതയുള്ള മലിനീകരണം കുറക്കാനും കഴിയും. മീൻപിടിത്ത ബോട്ടുകൾക്ക് തടസ്സമില്ലാതെ പോകാനും കഴിയും. പാലം നിർമാണത്തിൽ ഇതുവരെ ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് ഇ ടി ടൈസൺ എംഎൽഎ പറഞ്ഞു.









0 comments