കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റാൻ കൈക്കൂലി; 2 പേർ വിജിലൻസ് പിടിയിൽ

കൊച്ചി
കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷന്‍ ഇടപ്പള്ളി മേഖലാ ഓഫീസ് ഉദ്യോഗസ്ഥർ വിജിലന്‍സ് പിടിയിൽ.
ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലച്ചൻ, റവന്യു ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠൻ എന്നിവരെയാണ് പിടികൂടിയത്. ലാലച്ചന്‍ 5,000- രൂപയും മണികണ്ഠന്‍ 2,000 -രൂപയുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
വ്യാഴം പകൽ 12-ന് ഇടപ്പള്ളി മേഖലാ ഓഫീസിൽ സൂപ്രണ്ടിന്റെ മുറിയിൽനിന്നാണ് ഇരുവരും വിജിലൻസ് എറണാകുളം യൂണിറ്റിന്റെ പിടിയിലായത്. മേഖലാ ഓഫീസ് പരിധിയില്‍ വരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റിനല്‍കുന്നതിന് 2025 മേയിൽ ഓണ്‍ലൈനിൽ അപേക്ഷിച്ചിരുന്നു. ഉടമസ്ഥനുവേണ്ടി ഇടപ്പള്ളി സ്വദേശിയായ അഭിഭാഷകനാണ് അപേക്ഷിച്ചത്. തുടര്‍ന്ന് ഓഫീസിലെത്തി അപേക്ഷയെ സംബന്ധിച്ച് അന്വേഷിച്ചെങ്കിലും പല കാരണങ്ങള്‍പറഞ്ഞ് നടപടി സ്വീകരിക്കാതെ വൈകിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പരാതിക്കാരന്‍ ഇടപ്പള്ളി ഓഫീസിലെത്തി സൂപ്രണ്ട് ലാലച്ചനെയും റവന്യു ഇന്‍സ്പെക്ടര്‍ മണികണ്ഠനെയും നേരില്‍ക്കണ്ട് വിവരം ആരാഞ്ഞു. തുടർന്ന് ഇരുവരും കൈക്കൂലി ആവശ്യപ്പെടുകയും ഉച്ചയ്‌ക്കുശേഷം ഓഫീസില്‍ എത്തി നേരിട്ട് നല്‍കിയാല്‍ മതിയെന്നും അറിയിച്ചു.
ഈ വിവരം അഭിഭാഷകന്‍ എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് പ്രതികൾ രണ്ടുപേരും വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.









0 comments