ബ്രഹ്മപുരത്തുനിന്ന് ഗ്രീൻ ഹൈഡ്രജൻ ; അനെർട്ട് പദ്ധതി തയ്യാറാക്കുന്നു


ജെയ്സൻ ഫ്രാൻസിസ്
Published on Jul 17, 2025, 03:16 AM | 1 min read
കൊച്ചി
മാലിന്യസംസ്‌കരണത്തിൽ രാജ്യത്തിന് മാതൃകയായി മാറുന്ന ബ്രഹ്മപുരത്തുനിന്ന് ഗ്രീൻ ഹൈഡ്രജനും. ഭാവിയിലെ ഇന്ധനമെന്ന് വിശേഷിക്കപ്പെടുന്ന ഗ്രീൻ ഹൈഡ്രജൻ ബ്രഹ്മപുരത്ത് ഉൽപ്പാദിപ്പിക്കാൻ വഴിതുറക്കുന്നത് ബിപിസിഎൽ സജ്ജമാക്കുന്ന സിബിജി (കംപ്രസ്‌ഡ് ബയോഗ്യാസ്) പ്ലാന്റാണ്. അനെർട്ടും ബിപിസിഎല്ലും സഹകരിച്ചാണ് ഹൈഡ്രജൻ ഉൽപ്പാദന പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ യുണൈറ്റഡ് നേഷൻസ് ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷ (യൂണിഡോ)ന് പദ്ധതി നിർദേശം തയ്യാറാക്കി സമർപ്പിക്കാൻ അനെർട്ടിന് അനുമതി നൽകി ഊർജവകുപ്പ് ഉത്തരവായി. ബ്രഹ്മപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സിബിജി പ്ലാന്റിൽനിന്നുള്ള ബയോഗ്യാസിൽനിന്ന് ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതാണ് പദ്ധതി. ഹൈഡ്രജൻ വാഹനങ്ങൾക്കും യാനങ്ങൾക്കും ഇന്ധനമായി ഉപയോഗിക്കാനാകും. പാചകവാതകത്തിനൊപ്പം ചേർത്ത് ഉപയോഗിക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനൊപ്പം കാർബണും ലഭിക്കും. ഇതും വ്യവസായ, വാണിജ്യമൂല്യമുള്ളതാണ്. പദ്ധതിക്കായി പ്ലാന്റുൾപ്പെടെ സ്ഥാപിക്കേണ്ടി വരും. ആദ്യഘട്ടത്തിൽ ചെറിയ അളവിൽ ഹൈഡ്രജൻ ഉൽപ്പാദനമാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നിർദേശത്തിന് യൂണിഡോ അംഗീകാരം ലഭിച്ചാലെ നിലവിൽ വിഭാവനം ചെയ്‌ത രീതിയിൽ നടപ്പാക്കാനാകൂ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരവും കോർപറേഷന്റെ അനുമതിയും ആവശ്യമാണ്.
നഗരത്തിലെ ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ബ്രഹ്മപുരം സിബിജി പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. നിർമാണം ഏറെക്കുറെ പൂർത്തിയായ പ്ലാന്റിൽ ട്രയൽറൺ നടക്കുകയാണ്. 150 ടൺ ശേഷിയുള്ള പ്ലാന്റ് വരുന്നതോടെ കൊച്ചിയുടെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാകും. കൊച്ചിയെ ഹൈഡ്രജൻ ഹബ്ബാക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കൊച്ചി വിമാനത്താവളപരിസരത്ത് ദക്ഷിണേന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ പ്ലാന്റും ഇന്ധനസ്റ്റേഷനും സജ്ജമാക്കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് യാഥാർഥ്യമായത്. ഇതിനുപുറമെ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളും കൊച്ചിയുടെ നിരത്തിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.









0 comments