ബ്രഹ്മപുരം മാലിന്യസംസ്കരണകേന്ദ്രം ; 90 ശതമാനം മാലിന്യവും സംസ്കരിച്ചു

കൊച്ചി
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിൽ കെട്ടിക്കിടന്ന മാലിന്യത്തിൽ 90 ശതമാനവും സംസ്കരിച്ചതായി കൊച്ചി കോർപറേഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുതിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് (സിബിജി) നിർമാണം പൂർത്തിയായെന്നും കോർപറേഷൻ അറിയിച്ചു.
ബ്ലാക്ക് സോൾജിയർ ഫ്ലൈ പദ്ധതി കാര്യക്ഷമമാണ്. ബിപിസിഎൽ സഹകരണത്തോടെയുള്ള പ്ലാന്റിന്റെ ട്രയൽ റൺ നടക്കുകയാണ്. ഒരു മാസത്തിനകം പ്രവർത്തനസജ്ജമാകും. ദിവസം 150 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി. സംസ്കരണകേന്ദ്രം സജ്ജമായശേഷം നിരത്തിൽ മാലിന്യക്കൂമ്പാരം കണ്ടാൽ നഗരസഭയ്‌ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. കർഷക റോഡിലും ഐലൻഡിൽ നേവി വിമാനത്താവളത്തിനുമുന്നിലെ റോഡിലും മാലിന്യക്കൂമ്പാരമുണ്ട്. ഇത്തരം പോയിന്റുകളിൽ പ്രത്യേക ശ്രദ്ധവേണം.
പനമ്പിള്ളിനഗറിലും മറൈൻഡ്രൈവിലും വാക്‌വേകൾ സ്പോൺസർമാർ വേണ്ടവിധം പരിപാലിക്കാത്ത കാര്യം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.









0 comments