വരുന്നു, ട്രാൻസ്‌ഫോർമർ 
അറ്റകുറ്റപ്പണി കേന്ദ്രം

brahmapuram
avatar
ജെയ്‌സൻ ഫ്രാൻസിസ്‌

Published on Feb 21, 2025, 03:56 AM | 1 min read


കൊച്ചി

ബ്രഹ്മപുരത്ത്‌ ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാൻ കെഎസ്‌ഇബി ഒരുങ്ങുന്നു. കെഎസ്‌ഇബിയുടെ അധീനതയിലുള്ള സ്ഥലത്താണ്‌ യൂണിറ്റ്‌ സജ്ജമാക്കുക.


തകരാറിലാകുന്ന വിതരണ ട്രാൻസ്‌ഫോർമറുകളുടെ (ഡിസ്‌ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമർ) അറ്റകുറ്റപ്പണിയാണ്‌ ഇവിടെ നടത്തുക. വേനൽക്കാലത്തുൾപ്പെടെ സംസ്ഥാനത്ത്‌ വിവിധ കാരണങ്ങളാൽ നിരവധി ട്രാൻസ്‌ഫോർമറുകൾ കേടാകുന്നുണ്ട്‌. ഇത്‌ വൈദ്യുതിവിതരണത്തെ ബാധിക്കുകയും ഉപഭോക്താക്കൾക്ക്‌ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.


കെഎസ്‌ഇബിക്ക്‌ ഭീമമായ വരുമാനനഷ്ടവുമുണ്ട്‌. 2023–-24ൽ സംസ്ഥാനവ്യാപകമായി 2959 വിതരണ ട്രാൻസ്‌ഫോർമറുകളാണ്‌ തകരാറിലയത്‌. ആകെ വിതരണ ട്രാൻസ്‌ഫോർമറുകളുടെ എണ്ണം 88,000 ആണ്‌.

നിലവിൽ അഞ്ച്‌ അറ്റകുറ്റപ്പണി യൂണിറ്റുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടെങ്കിലും തകരാറിലായവ പരിഹരിക്കുന്നതിനും പുതിയത്‌ വാങ്ങുന്നതിനും കാലതാമസമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പ്രതിസന്ധി ഒഴിവാക്കാനായി ബ്രഹ്മപുരത്ത്‌ യൂണിറ്റ്‌ സജ്ജമാക്കുന്നത്‌.


കെഎസ്‌ഇബിയിലെ വിദഗ്‌ധ ജീവനക്കാരെയും കെല്ലിൽനിന്നുള്ളവരെയും യൂണിറ്റിൽ നിയോഗിക്കും. ഇതിനാവശ്യമായ അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ബോർഡ്‌ വാങ്ങും. യൂണിറ്റ്‌ സ്ഥാപിക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി സിഇ കെ കെ റെജികുമാറിനോട്‌ കെഎസ്‌ഇബി നിർദേശിച്ചു. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. യൂണിറ്റിന്‌ ആവശ്യമായ യന്ത്രങ്ങൾ, ജീവനക്കാരുടെ എണ്ണം, ഇവരുടെ വേതനം, യൂണിറ്റ്‌ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികച്ചെലവ്‌, പ്രവർത്തനരീതി എന്നിവയടങ്ങിയ റിപ്പോർട്ടാകും സമർപ്പിക്കുക. ഭാവിയിൽ ട്രാൻസ്‌ഫോർമർ ഉൽപ്പാദനത്തിനും പവർ ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപ്പണിക്കും കഴിയുംവിധം യൂണിറ്റിനെ ഉയർത്താനും ലഷ്യമിടുന്നു.

ബ്രഹ്മപുരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്‌ സംസ്ഥാന സർക്കാരും കോർപറേഷനും. സിബിജി പ്ലാന്റ്‌ നിർമാണം ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്‌. ബ്രഹ്മപുരത്തിനായി കോർപറേഷൻ തയ്യാറാക്കിയ മാസ്‌റ്റർപ്ലാനും അംഗീകരിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home