ബോട്ടിലിടിച്ച കപ്പൽ കണ്ടെത്താൻ അന്വേഷണം തുടങ്ങി

പുറംകടലിൽ കപ്പലിടിച്ചു തകർന്ന മീൻപിടിത്ത ബോട്ട് വലിച്ചുനീക്കുന്നു
മട്ടാഞ്ചേരി
കൊച്ചി പുറംകടലിൽ മീൻപിടിത്ത ബോട്ടിടിച്ചു തകർത്ത് കപ്പൽ കടന്നുകളഞ്ഞ സംഭവത്തിൽ ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് നടപടികള്‍ ആരംഭിച്ചു. ഇടിച്ച കപ്പൽ തിരിച്ചറിയാനും കണ്ടെത്താനും ഷിപ്പിങ് ഡയറക്ടർ ജനറലിന് കത്ത് നല്‍കിയതായി കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. തുടർനടപടികൾ അതിനുശേഷമെ ഉണ്ടാകൂ. കോസ്റ്റൽ പൊലീസ് അന്വേഷണം തുടരുകയാണ്.
14ന് വൈകിട്ടാണ് നീണ്ടകരയിലെ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ഇടിച്ചുതകർത്ത് എണ്ണ ടാങ്കർ കടന്നുകളഞ്ഞത്. പനാമ പതാകയേന്തിയ സിആർ തെത്തീസ് എന്ന കപ്പലാണ് നിസ്നിയ ബോട്ടിടിച്ചു തകർത്തത്. ബോട്ടിലെ 12 തൊഴിലാളികളിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആറുപേർ കടലിൽ തെറിച്ചുവീണു. ഇവരെ മറ്റു ബോട്ടുകാർ രക്ഷപ്പെടുത്തി. അപകടത്തിൽ ബോട്ടിലെ വലയും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ബോട്ട് ഭാഗികമായി തകർന്നു. തകർന്ന ബോട്ട് നീണ്ടകരയിൽ എത്തിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കപ്പൽ തിരിച്ചറിയാതെ തുടരന്വേഷണം സാധ്യമല്ലെന്നാണ് അന്വേഷകസംഘം പറയുന്നത്.









0 comments