രക്തദാനം മഹാദാനം ; രോഗിക്ക് സ്വന്തം രക്തം നൽകിയ ഡോക്ടർ ഇവിടെയുണ്ട്

ആർ ഹേമലത
Published on Jul 20, 2025, 05:04 AM | 1 min read
കൊച്ചി
ശസ്‌ത്രക്രിയ ചെയ്യുന്ന രോഗികൾക്ക് സ്വന്തം രക്തം ദാനംചെയ്‌ത് ജോലിക്കൊപ്പം രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയാണ് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ ന്യൂറോസർജൻ ഡോ. അരുൺ ഉമ്മൻ. എംബിബിഎസ് വിദ്യാർഥിയായിരുന്നപ്പോൾ യാദൃച്ഛികമായി തുടങ്ങിയ രക്തദാനം ഇന്നും കൃത്യമായ ഇടവേളകളിൽ തുടരുന്നു. ഇതുവരെ 69 തവണ രക്തദാനം നിർവഹിച്ചു.
‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുമ്പോൾ യാദൃച്ഛികമായാണ് രക്തദാതാവാകുന്നത്. ഹോസ്റ്റൽമുറിയുടെ കതകിൽ ആരോ ശക്തമായി തട്ടുന്നത് കേട്ടാണ് വാതിൽ തുറന്നത്. രക്താർബുദം ബാധിച്ച് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മകന് രക്തത്തിനായി കരഞ്ഞുതളർന്ന തമിഴ്‌നാട്ടുകാരിയായ ഒരമ്മയായിരുന്നു അത്. കൂട്ടുകാരോട് ചോദിച്ചപ്പോൾ നിനക്ക് കൊടുത്തുകൂടേ എന്നായിരുന്നു മറുപടി. ആദ്യമായി രക്തദാതാവാകുന്നതിന്റെ ആശങ്കയിലാണ് അന്ന് അതിന് തയ്യാറായത്. പിന്നീട് ആ കുഞ്ഞിനെ കാണാൻ ആർസിസിയിൽ പോയി. അമ്മയുടെയും മകന്റെയും കണ്ണിലെ തിളക്കം ഇന്നും മറക്കാനാകില്ല.’ 1998 കാലഘട്ടത്തിലെ കാര്യങ്ങൾ ഡോ. അരുൺ വിശദീകരിച്ചു. അന്നുമുതൽ അവസരം കിട്ടുമ്പോളെല്ലാം രക്തം ദാനംചെയ്‌തു. പിന്നീട് കൃത്യമായ ഇടവേളകളിൽ രക്തദാതാവായി. മൂന്നുമാസം കൂടുമ്പോൾ രക്തം ദാനംചെയ്യും.
ജീവിതവഴിയിൽ സർജനായപ്പോൾ ശസ്ത്രക്രിയാമേശയിലെത്തുന്ന രോഗിക്ക് രക്തം എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയതോടെ രക്തദാനം ഉത്തരവാദിത്വമായി മാറി. നാലുതവണ സ്വന്തം രോഗികൾക്കും രക്തം നൽകി. ശാസ്‌ത്രലോകം എത്ര വളർന്നാലും രക്തം കൃത്രിമമായി ഉണ്ടാക്കാനാകില്ലെന്ന സത്യവും പിൻബലമായി. 47 വയസ്സായി. ആരോഗ്യമുള്ളിടത്തോളം രക്തദാനം തുടരണമെന്നാണ് ഡോക്‌ടറുടെ ആഗ്രഹം. അതിനനുസരിച്ച് ജീവിതക്രമം വരുത്തുകയും ചെയ്യുന്നുണ്ട്. ലഹരിക്ക് അടിമകളാകാതിരിക്കാൻ യുവതയെ സ്ഥിരം രക്തദാതാക്കളാകാൻ പ്രോത്സാഹിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഡോക്‌ടറുടെ പക്ഷം.









0 comments