ബിജെപിക്കാർ ക്ഷേത്രമുറ്റത്ത് ഏറ്റുമുട്ടി

പള്ളിക്കര
തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള പിണർമുണ്ട കീരംകുഴി ശ്രീ വിഷ്ണുമഹേശ്വര ക്ഷേത്രമുറ്റത്ത് ബിജെപിക്കാരായ ഉപദേശകസമിതി അംഗങ്ങൾ ഏറ്റുമുട്ടി. ഉപദേശകസമിതി പ്രസിഡന്റായിരുന്ന ബിജെപി നേതാവ് മനോജ് മനക്കേക്കരയെ വിസതട്ടിപ്പ് നടത്തിയതിന് ദേവസ്വംബോർഡ് പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചാണ് ഏറ്റുമുട്ടിയത്. രണ്ടുപേർക്ക് പരിക്കേറ്റു.
ക്ഷേത്രത്തിന്റെ പുനർനിർമാണവും അനുബന്ധജോലികളും കഴിഞ്ഞ് എട്ടുവർഷമായി. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ ഉപദേശകസമിതി മുൻ പ്രസിഡന്റ് കെ വി സുരേഷ് ഇതുവരെ കണക്ക് അവതരിപ്പിച്ചില്ലെന്ന് ഒരു വിഭാഗം പറയുന്നു. സംഘർഷം ഉടലെടുത്തതോടെ പുതിയ ഉപദേശകസമിതി രൂപീകരിച്ച് മനോജ് മനക്കേക്കരയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇതിനിടെ വിസതട്ടിപ്പിന് ഇരയായ നിരവധിപേർ പരാതിയുമായി രംഗത്തുവന്നു. എറണാകുളം ഈസ്റ്റ് മേഖലാ പ്രസിഡന്റായിരുന്ന മനോജ് മനക്കേക്കരയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം അന്വേഷിച്ച് ദേവസ്വം ബോർഡ് പുറത്താക്കുകയും ചെയ്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ അമ്പലത്തിൽ കൈയാങ്കളിയും വാക്കേറ്റവും പതിവായതായി വിശ്വാസികൾ പറയുന്നു.
ഇതിനുപിന്നാലെയാണ് ഉപദേശകസമിതി അംഗങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടിയത്. അമ്പലത്തിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.









0 comments