ഇത് ബിബിന്റെ സ്വന്തം "ലംബോർഗിനി'

എൻ കെ ജിബി
Published on Jul 04, 2025, 04:14 AM | 1 min read
കോലഞ്ചേരി
ബിബിന്റെ കരവിരുതിൽ ഒരുങ്ങുന്നത് ലംബോർഗിനിയുടെ ഹുറാകൻ. തിരുവാണിയൂർ താണിക്കുഴിയിൽ ബിബിൻ ചാക്കോ നിർമിച്ച ലംബോർഗിനി ഹുറാകൻ അന്തിമഘട്ടത്തിലാണ്. മൂന്നുവർഷത്തെ പരിശ്രമത്തിലൂടെയാണ് ഇവിടംവരെ എത്തിയത്. 2023ൽ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ് പൂർത്തിയാക്കുംമുമ്പേ തുടങ്ങിയതാണ് ഈ ആഡംബര വാഹനത്തിന്റെ നിർമാണം. കൗതുകവും ആവേശവും കൂടിച്ചേർന്നപ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുകയാണ്. രണ്ടുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രൈവറടക്കം രണ്ടുപേർക്ക് യാത്ര ചെയ്യാനാകും. വീട്ടുമുറ്റത്തും സമീപത്തുമായി പരിശീലന ഓട്ടം പൂർത്തിയാക്കി. ഇന്റർനെറ്റിൽനിന്നുള്ള ചിത്രങ്ങൾമാത്രം നോക്കി പൈപ്പുകൾ വെൽഡ് ചെയ്ത് അതിന് മുകളിൽ ഫൈബർ ബോഡി നിർമിക്കുകയായിരുന്നു.
ആദ്യം ഓട്ടോറിക്ഷയുടെ എൻജിനായിരുന്നു ഘടിപ്പിച്ചിരുന്നത്. പിന്നീട് മാരുതി 800ന്റെ എൻജിനാക്കി. ഡോർ തുറക്കുന്നതും സ്റ്റിയറിങ്ങുമെല്ലാം ഹുറാകൻ മോഡൽ എങ്ങനെയാണോ അതേരീതിയിൽത്തന്നെയാണ്. പെയിന്റിങ് ജോലികൾകൂടി കഴിഞ്ഞാൽ ആഡംബര കാറിന്റെ കേരളമോഡൽ പൂർത്തിയാകും. അനുമതിപ്രശ്നം ഉള്ളതുകൊണ്ട് നിരത്തിലിറങ്ങാൻ കഴിയില്ലെങ്കിലും എക്സിബിഷനിലുംമറ്റും ഇത് പ്രദർശിപ്പിക്കാനാകുമെന്നാണ് ബിബിന്റെ പ്രതീക്ഷ. വീട്ടുകാരും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണ് ഈ യുവാവിന് ലക്ഷ്യത്തിലേക്ക് എത്താൻ പിൻബലമായത്.









0 comments