ബാങ്കിൽ യുവതിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

പെരുമ്പാവൂർ
കൂവപ്പടി സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് പുന്നയ്ക്കക്കുടി വീട്ടിൽ അശ്വതി (33) ബാങ്കിന്റെ ഒന്നാംനിലയിലെ ഹാളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഭർത്താവ് വിപിനും സഹോദരൻ കൂവപ്പടി പാപ്പൻപടി ജന്മംകുളം വീട്ടിൽ ജെ വി അമലുമാണ് കോടനാട് പൊലീസിൽ പരാതി നൽകിയത്. സെപ്തംബർ മൂന്നിന് പകൽ മൂന്നിനാണ് അശ്വതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അമ്മയുടെ സ്ഥലം പണയപ്പെടുത്തി കൂവപ്പടി സഹകരണ ബാങ്കിൽനിന്ന് അശ്വതി എട്ടു ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. അമ്മയുടെ പേരിൽനിന്ന് തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇതിൽ രണ്ടു ലക്ഷം രൂപ എടുക്കുകയും ബാക്കി തുക സഹകരണ ബാങ്കിൽത്തന്നെ നിക്ഷേപിക്കുകയും ചെയ്‌തു. മരണശേഷം ബന്ധുക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലെന്നാണ് അറിയിച്ചത്. മറ്റു വിവരങ്ങൾ ബന്ധുക്കൾക്ക് നൽകാൻ ബാങ്ക് തയ്യാറായില്ല. സഹോദരൻ അമലിന്റെ വീടുവാർക്കയ്‌ക്ക് ഒന്നരലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ ദിവസമാണ് അശ്വതി മരിച്ചത്.
ബാങ്കിന്റെ ജനസേവ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായ അശ്വതി കേന്ദ്രം നടത്തിപ്പിലെ ബാധ്യത തീർക്കാൻ രണ്ടു ലക്ഷം രൂപ പിൻവലിച്ചുവെന്ന് പറഞ്ഞെങ്കിലും അവിടെ ബാധ്യത വരേണ്ട കാര്യമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു മാസംമുമ്പ് രണ്ടു ലക്ഷം രൂപ പിൻവലിച്ചശേഷവും അശ്വതി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബാങ്കിന്റെ ഭാഗത്തുനിന്ന് അശ്വതിക്ക് സമ്മർദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ബന്ധുക്കൾ നേരിട്ടെത്തി ബാങ്ക് ഇടപാടുകൾ അന്വേഷിച്ചെങ്കിലും അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തതാണ് സംശയത്തിനിടയാക്കിയത്. കോടനാട് പൊലീസ് അന്വേഷണം തുടങ്ങി.








0 comments