അതിഥിത്തൊഴിലാളികളുടെ "ബന്ധു ക്ലിനിക്കി'ന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

കൊച്ചി
അതിഥിത്തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കി സഞ്ചരിക്കുന്ന ചികിത്സാസംവിധാനം ബന്ധു ക്ലിനിക്കിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന 140 ആഗോള സ്ഥാപനങ്ങളിലൊന്നായി ബന്ധു ക്ലിനിക്കിനെയും തെരഞ്ഞെടുത്തു. ഇന്ത്യയിൽനിന്ന് രണ്ടു ക്ലിനിക്കുകൾക്കുമാത്രമാണ് ഈ നേട്ടം.
ജില്ലാ ഭരണകേന്ദ്രത്തിന്റെ ‘അതിഥി ദേവോ ഭവ’ പദ്ധതിയുടെ ഭാഗമായി അതിഥിത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷയും സഹായവും ഒരുക്കുന്ന പദ്ധതിക്ക് 2018ൽ തുടക്കമിട്ടിരുന്നു. ആരോഗ്യം, തൊഴിൽ, പൊലീസ്, കോടതി, സാമൂഹ്യനീതി തുടങ്ങി എല്ലാ മേഖലയിലും സഹായം ഒരുക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി 2020ലാണ് മികച്ച ചികിത്സയും അതോടൊപ്പം മരുന്നും ഉറപ്പാക്കാൻ സഞ്ചരിക്കുന്ന ബന്ധു ക്ലിനിക്കിന് തുടക്കംകുറിച്ചത്. ജില്ലയിൽ ഏകദേശം എട്ടുലക്ഷം അതിഥിത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്.
അന്തർസംസ്ഥാന കുടിയേറ്റക്കാർക്കിടയിൽ കോവിഡ് സമയത്ത് സ്‌ക്രീനിങ്ങിനും വാക്‌സിനേഷനുമുള്ള സേവനങ്ങൾക്കായി ലോകാരോഗ്യസംഘടന ബന്ധു ക്ലിനിക്കിനെ അവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ദേശീയ ആരോഗ്യദൗത്യത്തിന്റെ (എൻഎച്ച്‌എം) സാങ്കേതികസഹായത്തോടെ, പദ്ധതിയുടെ നിർവഹണ ഏജൻസിയായ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് ഡയറക്ടർ ബിനോയ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം അതിഥിത്തൊഴിലാളികളുടെ താമസയിടങ്ങളിൽ എത്തി മാപ്പിങ് നടത്തിയാണ് ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇഷ്ടികച്ചൂളയിലെ തൊഴിലാളികൾ, മത്സ്യസംസ്കരണ യൂണിറ്റുകളിലെ സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, നാടോടികൾ, കുടിയേറ്റ കുടുംബങ്ങൾ എന്നിവരുൾപ്പെടെ തൊഴിലാളികളിൽ ഏറ്റവും ദുർബലരെ കണ്ടെത്തി അവിടങ്ങളിൽ എത്തിയാണ് ചികിത്സ നൽകുന്നത്.
ജില്ലയിൽ രണ്ടു ബന്ധു ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ഒരു ക്ലിനിക്കിൽ ഉണ്ടാകും. മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ട്. കൂടുതൽ ക്ലിനിക്കുകൾ ഒരുക്കാൻ ആലോചിക്കുകയാണെന്ന് എൻഎച്ച്‌എം ജില്ലാ മാനേജർ ഡോ. പി എസ് ശിവപ്രസാദ് പറഞ്ഞു.









0 comments