ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ഏവിയേഷൻ കോഴ്സ് തുടങ്ങി

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നടത്തുന്ന ഏവിയേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സാമൂഹ്യ നീതിവകുപ്പും സമൂഹവും ഒരുക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കാൻ ട്രാൻസ്ജെൻഡർ സമൂഹത്തിന് കഴിയണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നടത്തുന്ന ഏവിയേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏവിയേഷൻ പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളിലൂടെ അന്തസുറ്റ തൊഴിൽസാഹചര്യമാണ് ട്രാൻസ് ജെൻഡർ വിഭാഗത്തിന് ലഭിക്കുന്നത്. നൈപുണ്യ വികസനത്തിലൂടെ കൂടുതൽ സാധ്യതകൾ തുറക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കളമശേരി കിൻഫ്ര സ്കിൽ പാർക്കിൽ നടന്ന ചടങ്ങിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് അസാപ് കേരള നടത്തിയ ആർട്ടിസനൽ ബേക്കറി കോഴ്സിന്റെ സർട്ടിഫിക്കറ്റ് മന്ത്രി വിതരണം ചെയ്തു.
ജിഎംആർ ഏവിയേഷൻ അക്കാദമി മേധാവി എയർ മാർഷൽ കെ അനന്തരാമൻ, സാമൂഹ്യനീതിവകുപ്പ് അസി. ഡയറക്ടർ ഷീബ മുംതാസ്, കേരള നോളജ് ഇക്കോണമി മിഷൻ മാനേജർ പി കെ പ്രിജിത്, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സാൻജോ സ്റ്റീവ്, ഷെറിൻ ആന്റണി, ഇ ഡി ബിബിൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
കേരള നോളജ് ഇക്കോണമി മിഷൻ, അസാപ് കേരള എന്നിവയുമായി സഹകരിച്ചാണ് മൂന്നുമാസത്തെ ഏവിയേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. 1.18 ലക്ഷം രൂപ ചെലവ് വരുന്ന കോഴ്സ് പൂർണമായും സൗജന്യമാണ്. ഭക്ഷണം, ഹോസ്റ്റൽ സൗകര്യം എന്നിവയും സൗജന്യമായി ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാക്കിയിട്ടുണ്ട്.









0 comments