മോഷണവസ്‌തുക്കളുമായി ഓട്ടോറിക്ഷ തോട്ടിൽ വീണു; മോഷ്ടാവ് രക്ഷപ്പെട്ടു

മൂവാറ്റുപുഴ
മോഷ്ടിച്ച സാധനങ്ങൾ കയറ്റിപ്പോയ പെട്ടി ഓട്ടോറിക്ഷ തോട്ടിൽ വീണു. ഓട്ടോറിക്ഷ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ബുധൻ രാത്രിയിൽ പായിപ്ര കക്ഷായി റോഡിൽ താഴ്‌വാരം ജങ്‌ഷനിലെ തോട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.
ഈസ്റ്റ് പായിപ്ര മില്ലുംപടിയിൽ വ്യക്തിയുടെ ഗോഡൗണിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ടവറിന്റെ ഭാഗങ്ങൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുമ്പോൾ നാട്ടുകാർ കണ്ടു. നാട്ടുകാർ പിന്തുടരുന്നതിനിടെ ഓട്ടോറിക്ഷ തോട്ടിലേക്ക് വീഴുകയായിരുന്നു. പിന്നാലെയെത്തിയവരെക്കണ്ട് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. മൂവാറ്റുപുഴ പാെലീസ് സ്ഥലത്തെത്തി കേസെടുത്തു. നാളുകളായി ഈസ്റ്റ് പായിപ്ര പ്രദേശത്ത് മോഷണവും മോഷണശ്രമങ്ങളും നടക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പോയാലി ജുമാ മസ്ജിദിന്റെ നേർച്ചക്കുറ്റി കുത്തിത്തുറന്ന് 25,000 രൂപയും പള്ളി ഉസ്താദിന്റെ പതിനായിരത്തിലധികം രൂപയും മോഷ്ടിച്ചത് രണ്ടാഴ്ച മുമ്പാണ്. ലോട്ടറി വിൽപ്പനക്കാരനായ പേണ്ടാണം ബഷീറിന്റെ 3500 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു, ആമിന, നബീസ എന്നിവരുടെ വീട്ടിൽ കയറി പണം മോഷ്ടിച്ചു. ആഴ്ചകൾക്കുമുമ്പ് രാത്രിയിൽ പെട്ടി ഓട്ടോറിക്ഷയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ കൂടുതൽപേരെ അറസ്റ്റ് ചെയ്‌തിരുന്നു.








0 comments