നിറപ്പകിട്ടോടെ അത്തം

കൊച്ചി
ഓണത്തിന്റെ വരവറിയിച്ച് മലയാളികൾക്ക് ആവേശം പകർന്ന് തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്ര. മഴ മാറിനിന്നത് ആഘോഷത്തിന് പകിട്ടേറ്റി. വർണവൈവിധ്യം നിറഞ്ഞ ഘോഷയാത്രയും ജനപങ്കാളിത്തവും മികവാര്‍ന്ന സംഘാടനവും ആഘോഷത്തിന് മാറ്റുകൂട്ടി. ആയിരങ്ങളാണ് തെരുവോരങ്ങളിൽ ഘോഷയാത്ര കടന്നുപോകുന്നത് കാണാനെത്തിയത്. കേരളീയ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യഘോഷങ്ങളും ആവേശത്തോടെ കാണികളെ എതിരേറ്റു.
തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വ്യവസായമന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. തദ്ദേശമന്ത്രി എം ബി രാജേഷ് "അത്തം 2025' ഉദ്‌ഘാടനംചെയ്തു. കെ ബാബു എംഎൽഎ അധ്യക്ഷനായി. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി, അനൂപ് ജേക്കബ് എംഎൽഎ, കലക്‌ടർ ജി പ്രിയങ്ക, തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ കെ പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി പി കെ സുഭാഷ്, നടൻ രമേഷ് പിഷാരടി, അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി ബി സതീശൻ, മറ്റു ജനപ്രതിനിധികൾ, സാമൂഹ്യ–സാംസ്കാരിക–രാഷ്ട്രീയ, -മത നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

തൃപ്പൂണിത്തുറ റോയൽ റണ്ണേഴ്‌സ് ക്ലബ്ബിലെ കായികതാരങ്ങൾ അണിനിരന്ന വിളംബരയോട്ടമായിരുന്നു ഘോഷയാത്രയുടെ മുൻനിരയിൽ. പിന്നാലെ അത്തപ്പതാകയുമായി സ്‌ത്രീകളും ഓലക്കുടയുമായി മഹാബലി വേഷധാരികളും.
തിരുവാതിര, മാർഗംകളി, ഒപ്പന, ദഫ്‌മുട്ട്, കോൽക്കളി, കാവടിയാട്ടം, പുലികളി തുടങ്ങിയ കലാരൂപങ്ങൾ അകമ്പടിയായി. തെയ്യം, തിറ കലാകാരന്മാരുടെ സംഘവും കുടുംബശ്രീ, ആശാ പ്രവർത്തകരും ഹരിതകർമസേനയും ഘോഷയാത്രയുടെ ഭാഗമായി.
ബാലമാസികയിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കാണികൾക്ക് കൗതുകമായി. എമ്പുരാന്‍, പുഷ്പ, രജനി കാന്ത്, കമൽഹാസൻ, കലാഭവൻ മണി തുടങ്ങിയ താരങ്ങളുടെ വേഷത്തിലും കലാകാരന്മാരെത്തി. സമീപത്തെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികളും കലാകാരും ഉൾപ്പെടെയുള്ള 53 സംഘങ്ങൾ അത്തം ഘോഷയാത്രയിൽ അണിനിരന്നു. 19 നിശ്ചലദൃശ്യങ്ങള്‍ മിഴിവേകി. തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയോടെയാണ് സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. വരുന്ന പത്തുനാൾ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

മത്സര വിജയികൾ
അത്തച്ചമയ ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളിൽ ചോറ്റാനിക്കര കുരീക്കാട് ഉദയക്ലബ് അവതരിപ്പിച്ച ‘പ്രളയം’ ഒന്നാംസ്ഥാനം നേടി. മുളന്തുരുത്തി പെരുമ്പിള്ളി ഗ്രാമീണവായനശാലയുടെ ‘മറയുന്ന കർമരംഗം’ രണ്ടാംസ്ഥാനവും തൃപ്പൂണിത്തുറ തെക്കുംഭാഗം ചങ്ങാതിക്കൂട്ടത്തിന്റെ ‘മാരകലഹരി ആപത്ത്, ആസ്വദിക്കാം ജീവിതം’ മൂന്നാംസ്ഥാനവും നേടി.
സ്കൂളുകളിൽ തൃപ്പൂണിത്തുറ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ബോയ്സ് ഒന്നാംസ്ഥാനവും തൃപ്പൂണിത്തുറ സെന്റ് ജോസഫ് സിജിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പൂക്കള മത്സരത്തിൽ സിസി ഗ്രൂപ്പ് പള്ളുരുത്തി ഒന്നാംസ്ഥാനവും മഴവിൽ ആർട്‌സ് വരാപ്പുഴ രണ്ടാംസ്ഥാനവും നവോദയ എളമക്കര മൂന്നാംസ്ഥാനവും നേടി. വയോജനങ്ങൾക്കായി നടത്തിയ മത്സരത്തിൽ തെക്കുംഭാഗം കാരുണ്യ വയോമിത്രം ഒന്നാംസ്ഥാനവും തിരുവാങ്കുളം സ്നേഹദീപം രണ്ടാംസ്ഥാനവും തെക്കുംഭാഗം ഗ്രാമീണ വായനശാല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കലാപരിപാടികൾ തുടങ്ങി
അത്താഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് ലായം കൂത്തമ്പലത്തിൽ തുടക്കമായി. നടി ആര്യ സലിം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈക്കം അനിരുദ്ധനും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, ആലപ്പുഴ റെയ്ബാൻ സംഘത്തിന്റെ ഗാനമേള എന്നിവ അരങ്ങേറി.ബുധൻ വൈകിട്ട് അഞ്ചിന് തലശേരി ബി ഫ്രാൻസിസ് അവതരിപ്പിക്കുന്ന പപ്പറ്റ് ഷോ, 5.30ന് പെരിഞ്ഞനം ആലിങ്ങലമ്മ അവതരിപ്പിക്കുന്ന ഫ്യൂഷൻ കൈകൊട്ടിക്കളി, 7.30ന് ചലച്ചിത്രതാരം നിയാസ് ബക്കറും സംഘവും അവതരിപ്പിക്കുന്ന ക്രേസി മിഷൻ മെഗാ ഷോ.










0 comments