കലാപരിപാടികൾ നാളെ തുടങ്ങും; കൊടിയേറ്റ് 27ന്
അണിഞ്ഞൊരുങ്ങി രാജനഗരി

ഓണാഘോഷത്തിന്റെ ഭാഗമായി എറണാകുളം നോർത്തിൽ സജീവമായ പൂവിപണി. ഞായറാഴ്ച 200 മുതൽ 600 രൂപവരെയാണ് വില / ഫോട്ടോ: സുനോജ് നെെനാൻ മാത്യു
തൃപ്പൂണിത്തുറ
ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ചൊവ്വാഴ്‌ച നടക്കും. നഗരസഭാ അത്താഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്ര രാവിലെ ഒമ്പതിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. കെ ബാബു എംഎൽഎ അധ്യക്ഷനാകും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
രാവിലെ 9.30ന് ബോയ്സ് ഹൈസ്കൂളിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി പകൽ രണ്ടോടുകൂടി തിരികെ അവിടെത്തന്നെ എത്തിച്ചേരും. വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരക്കും. രാവിലെ 10 മുതൽ പകൽ ഒന്നുവരെ സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമത്സരം നടക്കും.
മൂന്നുമുതൽ രാത്രി പത്തുവരെ അത്തപ്പൂക്കള പ്രദർശനവും നടക്കും. തൃപ്പൂണിത്തുറ അത്താഘോഷത്തിന് തുടക്കംകുറിച്ച് അത്തപ്പതാകയുടെയും കൊടിമരത്തിന്റെയും ഘോഷയാത്ര തിങ്കൾ വൈകിട്ട് ഹിൽപാലസിൽനിന്ന് ആരംഭിക്കും. രാജകുടുംബ പ്രതിനിധിയിൽനിന്ന് നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് പതാക ഏറ്റുവാങ്ങും.
തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അത്തപ്പതാക അത്തം നഗറിലെത്തും. അത്തച്ചമയ ഘോഷയാത്രയിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കും കാണികൾക്കും ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്.
കലാപരിപാടികൾ നാളെ തുടങ്ങും; കൊടിയേറ്റ് 27ന്
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ ഉത്സവം ചൊവ്വാഴ്ച ആരംഭിക്കും. ഉത്സവദിവസങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും. തൃക്കാക്കര തിരുവോണസദ്യ അഞ്ചിന് രാവിലെ 10.30ന് തുടങ്ങും.
ഉത്സവാഘോഷങ്ങൾ ചൊവ്വ വൈകിട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ വെച്ചൂർ രമാദേവിക്ക് തൃക്കാക്കരയപ്പൻ പുരസ്കാരവും കലാമണ്ഡലം ശ്രീകുമാറിന് തെക്കുംതേവർ പുരസ്കാരവും സമ്മാനിക്കും.
27ന് രാത്രി എട്ടിന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്. സെപ്തംബർ മൂന്നിന് രാവിലെ 8.30ന് ശ്രീബലി, നാലിന് രാവിലെ 8.30 മുതൽ കാഴ്ചസമർപ്പണം, പകൽ 11 മുതൽ ഉത്രാടസദ്യ, മൂന്നുമുതൽ പകൽപ്പൂരം.
അഞ്ചിന് തിരുവോണദിനം. രാവിലെ 8.30ന് മഹാബലി എതിരേൽപ്പ്. 10.30 മുതൽ തിരുവോണസദ്യ. വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറുമുതൽ ആറാട്ടെഴുന്നള്ളിപ്പും രാത്രി 11ന് ആറാട്ടെഴുന്നള്ളിപ്പ് എതിരേൽപ്പും ആകാശവിസ്മയക്കാഴ്ചകളും ഉണ്ടാകും.









0 comments