സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെ കടന്നാക്രമണം അനുവദിക്കില്ല: എസ് സതീഷ്

ചികിത്സയിൽ കഴിയുന്ന ദിലീപ്‌കുമാറിനെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിക്കുന്നു
കൊച്ചി
പറവൂരിൽ ദേശാഭിമാനി ഏരിയ ലേഖകൻ വി ദിലീപ്‌കുമാറിനുനേരെ നാലംഗസംഘം നടത്തിയ കൈയേറ്റം മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു നേരെയുണ്ടായ ആക്രമണമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ അവർ നടത്തിയ സാമ്പത്തികത്തട്ടിപ്പിനെതിരെ വാർത്തയെഴുതിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. പറവൂർ കെഎംകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിലീപിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എസ് സതീഷ്.
ദിലീപ്‌കുമാറിനു നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണ്. പത്രവാർത്ത നൽകിയതിൽ അസ്വസ്ഥരായ ഒരുസംഘമാണ് അദ്ദേഹത്തെ പകൽ നടുറോഡിൽ കൈയേറ്റം ചെയ്‌തത്. കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ നടന്ന വായ്‌പത്തട്ടിപ്പിനെതിരെ എൽഡിഎഫ് നടത്തിയ നിരന്തരസമരത്തിന്റെ ഭാഗമായാണ് വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടക്കുന്നത്.
അതിന്റെ വാർത്ത നൽകിയതാണ് അക്രമിസംഘത്തെ അസ്വസ്ഥരാക്കിയത്. കോൺഗ്രസ് നടത്തിയ തട്ടിപ്പിനെതിരെ വാർത്തയെഴുതിയാൽ നടുറോഡിൽ ആക്രമിക്കപ്പെടുമെന്നതാണ് സ്ഥിതി. അത് അംഗീകരിക്കാനാകില്ലെന്നും എസ് സതീഷ് പറഞ്ഞു.








0 comments