മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

appointment
വെബ് ഡെസ്ക്

Published on Jun 11, 2025, 02:51 AM | 1 min read


മുളന്തുരുത്തി

പിരിച്ചുവിടണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിർദേശം നൽകിയ താൽക്കാലിക ജീവനക്കാരന് വീണ്ടും നിയമനം നൽകുന്നതിനെതിരെ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. മുളന്തുരുത്തി പഞ്ചായത്തിനുകീഴിലുള്ള തിരു കൊച്ചി മാർക്കറ്റിൽ ഫുൾടൈം വാച്ച്മാൻ -സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന കോൺഗ്രസ് മുൻ വാർഡ് പ്രസിഡ​ന്റായ വി വി ജോസ് എന്നയാളുടെ നിയമനം അനധികൃതമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസര്‍ റിപ്പോർട്ട് നല്‍കി. ജോലിയിൽനിന്ന്‌ അടിയന്തരമായി നീക്കംചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ജോയി​ന്റ് ഡയറക്ടറുടെ കാര്യാലയം നോട്ടീസ് നൽകിയിരുന്നു.


പഞ്ചായത്ത് കമ്മിറ്റിയിൽ കത്ത് ചർച്ചയ്‌ക്ക് എടുത്തപ്പോൾ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി, തദ്ദേശവകുപ്പി​ന്റെ നിർദേശപ്രകാരം വി വി ജോസിനെ പിരിച്ചുവിടാൻ തീരുമാനിച്ചു. പിന്നീട് ഇതേവ്യക്തിയെ താൽക്കാലികമായി വീണ്ടും നിയമിക്കാൻ തീരുമാനമെടുത്തു. സെക്രട്ടറിയുടെ അഭാവത്തിൽ ചുമതലയുള്ള അസി. സെക്രട്ടറിക്ക്, വീണ്ടും താൽക്കാലിക നിയമനം നടത്താൻ നിയമപരമായി സാധിക്കില്ല എന്ന് അറിയിച്ചിട്ടും യുഡിഎഫ് ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതിരെ എൽഡിഎഫ് അംഗങ്ങൾ കമ്മിറ്റിയിൽ വിയോജിപ്പ്‌ രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫീസിനുമുന്നിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.


സർക്കാർ സ്ഥാപനങ്ങളിൽ പി‍എസ്‍സി പരിധിയിൽ വരാത്ത നിയമനങ്ങൾ മാർഗരേഖപ്രകാരം എംപ്ലോയ്‍മെ​ന്റ് എക്സ്ചേഞ്ച് മുഖാന്തരം വേണമെന്ന് നിർദേശമുണ്ട്. പഞ്ചായത്തി​ന്റെ അനധികൃത നിയമനത്തിനും പള്ളിത്താഴം ബസ് സ്റ്റാന്‍ഡിനോടുള്ള അവഗണനയ്‌ക്കെതിരെയും എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12ന് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home