അനു അമൃതയ്‌ക്ക് ക്ഷേത്രകലാമൃതം പുരസ്കാരം

ആലുവ
ചുവർച്ചിത്രകലയിലും സിമന്റ് ശിൽപ്പങ്ങളിലും വ്യത്യസ്തതകൾ തീർത്ത ചിത്രകാരി അനു അമൃതയ്ക്ക് സംസ്ഥാന സർക്കാർ ക്ഷേത്രകലാ അക്കാദമിയുടെ "ക്ഷേത്ര കലാമൃതം' പുരസ്‌കാരം. പ്രശസ്തിപത്രവും ഫലകവും 15,000 രൂപയും അടങ്ങുന്ന പുരസ്കാരം സെപ്തംബറിൽ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും. 25 വർഷമായി ചിത്രകലാരംഗത്തുള്ള അനു അമൃത 16 ക്ഷേത്രങ്ങളിൽ ചുവർച്ചിത്രം വരച്ചു. ചേർത്തല കെ കെ വാര്യർ, അപ്പുക്കുട്ടൻ കോട്ടപ്പടി എന്നീ ചിത്രകാരന്മാരുടെ ശിക്ഷണത്തിലായിരുന്നു പഠനം. ചിത്രകല അധ്യാപനം, ആതുരസേവനം, സാമൂഹിക സേവനം തുടങ്ങിയ പ്രവർത്തനങ്ങളിലും സജീവമാണ്.
പറവൂർ മന്നം സ്വദേശിനിയായ അനു ആലുവയിൽ അമൃത സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. പ്രകൃതിദത്ത നിറങ്ങളും ആർത്തവ രക്തവും ഉപയോഗിച്ച് വരച്ച സ്ത്രീപക്ഷ ചിത്രങ്ങളുടെ സഞ്ചരിക്കുന്ന ചിത്രപ്രദർശനം വനിതാദിനത്തിൽ നടത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരള ലളിതകലാ അക്കാദമി ഇന്റർനാഷണൽ ക്യാമ്പ് ശിൽപ്പശ്രേഷ്ഠ പുരസ്‌കാരം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്, കേരള സാംസ്കാരികമന്ത്രിയുടെ ആദരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി. നെട്ടൂർ തെക്കേപാട്ടുപുരക്കൽ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ ചുവർച്ചിത്രരചനയുടെ തിരിക്കിലാണ് ഇപ്പോള്‍ അനു അമൃത. ചിത്രകാരനായ ഷിബു ചാൻ ആണ് ഭർത്താവ്.









0 comments