വി എസിന്റെ 107–-ാംനമ്പർ മുറി

എം പി നിത്യൻ
Published on Jul 22, 2025, 03:13 AM | 1 min read
ആലുവ
സിപിഐ എം ജില്ലാ സമ്മേളനം ആലുവ മണപ്പുറത്ത് നടന്നപ്പോൾ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ തന്റെ പ്രിയപ്പെട്ട 107–--ാംനമ്പർ മുറിയിൽനിന്നാണ് വി എസ് അച്യുതാനന്ദൻ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പെരിയാറിലൂടെ സഞ്ചരിച്ച് മണപ്പുറത്തെ സമ്മേളനവേദിയിൽ എത്തിയത്. വി എസിന് വീടുപോലെ പ്രിയപ്പെട്ടതായിരുന്നു ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ 107–--ാംനമ്പർ മുറിയും. പ്രതിപക്ഷനേതാവായ വി എസ് ആലുവ പാലസിൽ എത്തുന്നതറിഞ്ഞ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താമസിച്ചിരുന്ന 107–--ാംനമ്പർ മുറി സ്‌നേഹത്തോടെ ഒഴിഞ്ഞുകൊടുത്ത ചരിത്രവുമുണ്ട്.
പതിനെട്ട് വർഷത്തോളം വി എസ് സ്ഥിരമായി പാലസിൽ എത്തി. പുലർച്ചെ ആറിന് എഴുന്നേറ്റ് പാലസിനു ചുറ്റും പ്രഭാതനടത്തം. തുടർന്ന് യോഗ. വെെകിട്ട് എത്തിയാലും പാലസിൽ ചുറ്റും നടത്തത്തിന് സമയം കണ്ടെത്തും. പപ്പായപ്രിയനായ വി എസിനായി പാലസിനുമുന്നില്‍ പപ്പായച്ചെടികള്‍ ജീവനക്കാര്‍ വച്ചുപിടിപ്പിച്ചിരുന്നു. ആലുവ പാലസിന് പുതിയ അനക്‌സ് കെട്ടിടം വന്നതോടെ ഒന്നാംനിലയിലെ 201–--ാംനമ്പര്‍ മുറിയാണ് സ്ഥിരമായി വി എസിന് നല്‍കിയിരുന്നത്. പെരിയാറിനു തീരത്തെ ആലുവ പാലസ് ഗസ്റ്റ് ഹൗസിനോട് എന്നും പ്രത്യേക അടുപ്പം വി എസ് അച്യുതാനന്ദൻ സൂക്ഷിച്ചിരുന്നു. ഗസ്റ്റ് ഹൗസ് ജീവനക്കാർക്കും വി എസിനെ ഏറെ പ്രിയമായിരുന്നു.









0 comments