ഇനി മധുരമേറും ; വിപണി വീണ്ടെടുക്കാൻ 
ആലങ്ങാടൻ ശർക്കര

alangad jaggery

ആലങ്ങാടൻ കരിമ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വിളവെടുക്കുന്നു

avatar
കെ പി വേണു

Published on Sep 08, 2025, 03:30 AM | 1 min read


​കളമശേരി

കളമശേരിയിൽ സമഗ്ര കാർഷിക വികസനം ലക്ഷ്യംവച്ച് മന്ത്രി പി രാജീവ് നടപ്പാക്കിയ "കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ പിന്തുണയിൽ, നാല് പതിറ്റാണ്ടുമുമ്പ് നിലച്ചുപോയ വിപണി വീണ്ടെടുക്കുകയാണ് ആലങ്ങാടൻ ശർക്കര. കളമശേരി കാർഷികോത്സവം നൽകിയ പിന്തുണ പുതിയ ആവശ്യക്കാരെ സൃഷ്ടിച്ചതായി കരിമ്പുകൃഷിക്കും ശർക്കരയുൽപ്പാദനത്തിനും സംവിധാനമൊരുക്കിയ ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി ജെ ഡേവിസ് പറഞ്ഞു.


ആലങ്ങാടൻ ശർക്കര ചരിത്രത്തിൽ ഇടംനേടിയ ഉൽപ്പന്നമായിരുന്നു. ശബരിമലയിലും രാജകുടുംബങ്ങൾക്കുമൊക്കെ പ്രിയപ്പെട്ട ശർക്കര. പെരിയാറിന്റെ തീരത്ത് ഉപ്പുരസമില്ലാത്ത കരിമ്പ് വിളയിക്കാമെന്നതാണ് ശർക്കരയുടെ മികവിന് കാരണം. എന്നാൽ, കാലക്രമത്തിൽ കരിമ്പുകൃഷിയും ശർക്കരയുൽപ്പാദനവും നിന്നുപോയി. തുടർന്നാണ് മന്ത്രി പി രാജീവ് കൃഷിക്കൊപ്പം കളമശേരി പദ്ധതിയിലൂടെ കരിമ്പുകൃഷി വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചത്. പ്രസിഡന്റ്‌ പി എം മനാഫിന്റെ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തും സഹകരണ ബാങ്കും എല്ലാ പിന്തുണയുമായി രംഗത്തുവന്നു. കൃഷിക്ക് ഐസിഎആറിന്റെ കോയമ്പത്തൂർ കരിമ്പ് ഗവേഷണകേന്ദ്രം, കാർഷിക സർവകലാശാലയുടെ തിരുവല്ല കരിമ്പ്‌ ഗവേഷണകേന്ദ്രം, കൃഷിവിജ്ഞാന കേന്ദ്രം എന്നിവയുടെ സഹകരണവും ലഭ്യമാക്കി.


ഇതോടെ 15 ഏക്കറിൽ കരിമ്പുകൃഷിയായി. ആദ്യ വിളവെടുപ്പോടെത്തന്നെ ബാങ്ക് ദിവസം 500 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റും തയ്യാറാക്കി. നിലവിൽ 25 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 50 ഏക്കറാണ് ലക്ഷ്യം. നിരവധിപേർ കൃഷിസന്നദ്ധതയുമായി മുന്നോട്ടുവന്നു. അതോടൊപ്പം പ്ലാന്റ്ശേഷി 1500 കിലോയിലേക്ക് വർധിപ്പിക്കാനും നീക്കമുണ്ട്. കേടുകൂടാതെയിരിക്കാൻ രാസവസ്തുക്കളൊന്നും ചേർക്കുന്നില്ല. വിത്ത്, ധനസഹായം, വിപണി എന്നിവ ബാങ്ക് ഉറപ്പുനൽകിയാണ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നത്. നിലവിൽ മാർക്കറ്റിൽ 70 രൂപയ്ക്കുവരെ ശർക്കര ലഭിക്കുമ്പോൾ ആലങ്ങാടൻ ശർക്കരയ്ക്ക് 200 രൂപ വിലവരും. ഈ സാഹചര്യത്തിലും ആയുർവേദ മരുന്നുനിർമാതാക്കൾ, ക്ഷേത്രങ്ങൾ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയരുന്നുണ്ടെന്ന് പി ജെ ഡേവിസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home