കൃഷിക്കൊപ്പം കളമശേരി ; ഇച്ഛാശക്തിയുടെ വിജയം : സ്പീക്കർ

കളമശേരി
കൃഷിക്കൊപ്പം കളമശേരി പദ്ധതി വിജയമായത് മന്ത്രി പി രാജീവിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും നിർമാണമേഖലയെയും ഗുരുതരമായി ബാധിക്കുന്നു. ഇതിനെ എങ്ങനെ നേരിടണമെന്ന പഠനം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി രാജീവ് അധ്യക്ഷനായി. കൃഷിക്കൊപ്പം കളമശേരി പദ്ധതി നാലുവർഷം പിന്നിടുമ്പോൾ തരിശായിരുന്ന 1300 ഏക്കർ, നെൽകൃഷിയും പച്ചക്കറി കൃഷിയുമായി തിരിച്ചുപിടിക്കാനായെന്ന് പി രാജീവ് പറഞ്ഞു. വിസ്മൃതിയിലാണ്ട കരിമ്പുകൃഷി പോലുള്ളവ വീണ്ടെടുക്കാനും കൂണുപോലുള്ള അപരിചിത വിളകൾ വിജയകരമായി ഏറ്റെടുക്കാനുമായി. എല്ലാ സഹകരണ സ്ഥാപനങ്ങളും ഭേദങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്നതാണ് പദ്ധതി വിജയിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
മേളയോടനുബന്ധിച്ച് 20 സംഗമങ്ങൾ സംഘടിപ്പിച്ചു. ഉൽപ്പന്ന വിപണനത്തിന് ഫ്ലിപ്‌കാർട്ടുമായി ധാരണയായി. ഫാം ടു കിച്ചൺ പദ്ധതി ഉടനെ ആരംഭിക്കും. കോടികൾ ചെലവഴിച്ചാണ് ജലസേചന സൗകര്യമൊരുക്കിയതെന്നും മന്ത്രി പറഞ്ഞു.
നടൻ ജയറാം മുഖ്യാതിഥിയായി. സംവിധായകൻ സിബി മലയിൽ, ഹൃദയശസ്ത്രക്രിയാ വിദഗ്‌ധൻ ജോസ് ചാക്കൊ പെരിപ്പുറം, സംവിധായകൻ ജിസ് ജോയ് തുടങ്ങിയവരെ ആദരിച്ചു. ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, പ്രൊഫ. കെ വി തോമസ്, എ ഡി സുജിൽ, രമ്യ തോമസ് തുടങ്ങിയവർ സംസാരിച്ചു.









0 comments