മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിപിഐ എം
ടൗൺഷിപ്പിൽ ജനറൽ ആശുപത്രിക്ക് 10 ഏക്കർ അനുവദിക്കണം

കൽപ്പറ്റ മുണ്ടക്കെ ടൗൺഷിപ്പ് ഒരുങ്ങുന്ന കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ കൽപ്പറ്റ ജനറൽ ആശുപത്രിക്ക് 10 ഏക്കർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജില്ലയ്‌ക്ക് ഏറെ ഉപകാരപ്രദമായ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ജനറൽ ആശുപത്രിയിൽ സ്ഥാപിക്കാൻ 28 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മറ്റുപദ്ധതികൾക്കായി 43 കോടി രൂപയുമുണ്ട്. എന്നാൽ കൈനാട്ടിയിലുള്ള ആശുപത്രിയുടെ സ്ഥലപരിമിതിയിൽ വികസന പദ്ധതികൾ നടത്താനാകാത്ത സാഹചര്യമാണ്. ഇത് പരിഹരിക്കുന്നതിനായാണ് ജനറൽ ആശുപത്രിക്കായി ടൗൺഷിപ്പിൽ സ്ഥലം അനുവദിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടത്. കൽപ്പറ്റ ഗവ. എൽപി സ്‌കൂളിനും ടൗൺഷിപ്പിൽ സ്ഥലം അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എസ്‌റ്റൺ എസ്‌റ്റേറ്റ് പ്രദേശത്തുള്ള കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന വിദ്യാലയമാണ് കൽപ്പറ്റ ഗവ. എൽപി. പരിമിതമായ സ്ഥലത്താണ് നിലവിൽ പ്രവർത്തനം. കെട്ടിടങ്ങളും പഴയതാണ്. സ്ഥലമില്ലാത്തതിനാണ് കെട്ടിടം നിർമിക്കാൻ തടസ്സം. ടൗൺഷിപ്പിലേക്ക് സ്‌കൂൾ മാറ്റണമെന്നതാണ് ആവശ്യം. ജില്ലാ കമ്മിറ്റിയുടെ നിവേദനം സെക്രട്ടറി കെ റഫീഖ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം ടി പി രാമകൃഷ്ണണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ഗഗാറിൻ, പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി, പി കെ സുരേഷ്, രുഗ്മിണി സുബ്രമണ്യൻ, എം മധു എന്നിവരും ഒപ്പമുണ്ടായി.









0 comments