മുണ്ടക്കൈ ഫണ്ട് തട്ടിപ്പ്, കേന്ദ്ര അവഗണന 19ന് കൽപ്പറ്റയിൽ എൽഡിഎഫ് മനുഷ്യച്ചങ്ങല

കൽപ്പറ്റ മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവർക്കെതിരെയും വയനാടിനെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെയും പ്രിയങ്കഗാന്ധി എംപിയുടെയും നിലപാടുകളിൽ പ്രതിഷേധിച്ചും 19ന് കൽപ്പറ്റയിൽ മനുഷ്യച്ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിവൈഎഫ്‌ഐ 25 വീട് പ്രഖ്യാപിച്ച് 100 വീടിനുള്ള പണം കൈമാറി. യൂത്ത് കോൺഗ്രസ് 30 വീട് പ്രഖ്യാപനം നടത്തിയാണ് ഫണ്ട് സമാഹരിച്ചത്. കോൺഗ്രസും 100 വീട് നിർമിക്കാനെന്ന പേരിൽ ഫണ്ട് പിരിച്ചു. രണ്ട് സംഘടനകളും പിരിച്ച - പണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മുസ്ലിം ലീഗ് പിരിച്ച പണം ഉപയോഗിച്ച് തോട്ടഭൂമിയാണ് വാങ്ങിയത്. സെന്റിന് 15,000 രൂപ വിലയുള്ള ഭൂമിക്ക് 1,22,000 രൂപവരെ നൽകി കോടികൾ തട്ടി. തോട്ടഭൂമി വാങ്ങിയതിലെ നിയമക്കുരുക്ക് ദുരിതബാധിതരുടെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ലീഗിന്റെ നടപടി അധാർമികവും ദുരിതബാധിതരോടുള്ള വഞ്ചനയുമാണ്. ഇൗ തട്ടിപ്പുകളെല്ലാം നടന്നത് കൽപ്പറ്റ മണ്ഡലത്തിലാണ്. ദുരന്തബാധിതരായ കൽപ്പറ്റ മണ്ഡലത്തിലുള്ളവരുടെ പേരിലാണ് ഇൗ തട്ടിപ്പുകളെല്ലാം. ഇക്കാര്യത്തിൽ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് നിലപാട് വ്യക്തമാക്കണം. പ്രിയങ്ക ഗാന്ധി പൂർണ പരാജയം വയനാട് എംപി പൂർണ പരാജയമാണ്. മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരുരൂപ പോലും നൽകിയില്ല. ദുരന്തത്തിന്റെ ഒന്നാംവർഷത്തിലെ അനുസ്‌മരണ പരിപാടിയിൽനിന്ന് എംപി വിട്ടുനിന്നു. വയനാടിന്റെ സ്വപ്‌നപദ്ധതിയായ തുരങ്കപാത നിർമാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനത്തിലും എംപി പങ്കെടുത്തില്ല. വല്ലപ്പോഴും റിസോട്ടിൽ താമസിക്കാൻ മാത്രമായാണ് വരുന്നത്. കൽപ്പറ്റ ഓഫീസിൽനിന്ന് ഇറക്കുന്ന സന്ദേശങ്ങളല്ലാതെ മണ്ഡലത്തിൽ എംപിയുടെ സാന്നിധ്യമില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മനുഷ്യത്വമില്ലാത്ത കേന്ദ്ര സർക്കാർ കേന്ദ്ര സർക്കാർ ഭരണഘടനാപരമായി നൽകേണ്ട സാമ്പത്തിക സഹായം ഇതുവരെയും നൽകിയിട്ടില്ല. കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനമാണിത്. പ്രധാനമന്ത്രി സന്ദർശിച്ച് തിരിച്ചുപോയതല്ലാതെ ഒന്നും ചെയ്‌തില്ല. എന്നാൽ മറ്റു പല സംസ്ഥാനങ്ങൾക്കും സഹായം അനുവദിക്കുകയും ചെയ്‌തു. എൽസ്‌റ്റൺ എസ്‌റ്റേറ്റ് എൽസ്‌റ്റൺ എസ്‌റ്റേറ്റ് തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യം പൂർണമായും നൽകാൻ ഉടമ തയ്യാറാകണം. 27 കോടിയാണ് നൽകാനുള്ളത്. നൽകേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇൗ വിഷയത്തിൽ ഹൈക്കോടതിയിലെ കേസിൽ കക്ഷിചേരാൻ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഹർജി നൽകിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, കെ കെ ഹംസ, ടി മണി, സി എം ശിവരാമൻ, സണ്ണി മാത്യു, മുഹമ്മദ് പഞ്ചാര, ഷാജി ചെറിയാൻ, എം പി രഞ്ജിത് എന്നിവർ പങ്കെടുത്തു.









0 comments