കാട്ടാനകൾ കൂട്ടമായെത്തി
ഗൂഡല്ലൂർ–ഊട്ടി ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു

ഗൂഡല്ലൂർ കാട്ടാനകൾ കൂട്ടമായി റോഡിലിറങ്ങിയതിനെ തുടർന്ന് ഗൂഡല്ലൂർ-–ഊട്ടി ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു. തിങ്കൾ രാത്രി ഒമ്പതോടെ ഗൂഡല്ലൂരിനടുത്ത് ശനി ഭഗവാൻ ക്ഷേത്രത്തിന് സമീപമാണ് സംഭവം. റോഡിൽ ആനക്കൂട്ടം നിലയുറപ്പിച്ചതിനെ തുടർന്ന് റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കാട്ടാനകൾ റോഡിൽനിന്ന് മാറിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാത്രിസമയങ്ങളിൽ ഗൂഡല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ റോഡിൽ കാട്ടാന സാന്നിധ്യം വർധിക്കുകയാണ്. നാടുകാണി ചുരം റോഡ്, പാട്ടവയൽ റോഡ്, ചേരമ്പാടി റോഡ് എന്നിവിടങ്ങളിലും രാത്രികാലങ്ങളിൽ ആനകൾ പതിവായി എത്തുന്നുണ്ട്. യാത്രക്കാർക്ക് വനംവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരടക്കം എല്ലാവരും സുരക്ഷ ഉറപ്പാക്കണം. ആനകളെ ശല്യംചെയ്യാനോ പ്രകോപിപ്പിക്കാനോ പാടില്ല. വന്യജീവികളെ കണ്ടാൽ ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.









0 comments