ജില്ലാ പഞ്ചായത്ത് എൽഡിഎഫ് തൂക്കും

കൽപ്പറ്റ മാമലനാടിനെ ചുവപ്പണിയിക്കാനുള്ള വിജയ വിളംബരമായി എൽഡിഎഫ് പത്രികാ സമർപ്പണം. ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ കലക്‌ടർ ഡി ആർ മേഘശ്രീക്ക് മുമ്പാകെ ചൊവ്വാഴ്‌ച നാമനിർദ്ദേശ പത്രിക നൽകി. യുവത്വവും പരിചയ സമ്പന്നതയും തുളുമ്പുന്ന മികച്ച സ്ഥാനാർഥികൾ ജനഹൃദയങ്ങളിൽ നിറഞ്ഞ സ്വീകാര്യത ഏറ്റുവാങ്ങിയാണ് പത്രിക കൈമാറിയത്. ബീന വിജയൻ (മീനങ്ങാടി), എൻ പി കുഞ്ഞുമോൾ (അമ്പലവയൽ), ജസ്റ്റിൻ ബേബി (എടവക), കെ ആർ ജിതിൻ (തിരുനെല്ലി), ബിന്ദു മനോജ് (നൂൽപ്പുഴ), അനസ് റോസ്‌ന സ്റ്റെഫി (വൈത്തിരി), സുധി രാധാകൃഷ്‌ണൻ (വെള്ളമുണ്ട), പി എം ആസ്യ (തരുവണ), അനീറ്റ ഫെലിക്‌സ് (പനമരം), റഹീമ വാളാട് (തവിഞ്ഞാൽ), കെ ഹസീന (മുട്ടിൽ), എ ബാലചന്ദ്രൻ (മേപ്പാടി), കെ എം ബാബു (കേണിച്ചിറ), പി എം സുകുമാരൻ (കണിയാമ്പറ്റ), ശാരദ മണിയൻ (പടിഞ്ഞാറത്തറ), പി വി വേണുഗോപാൽ (തോമാട്ടുചാൽ) എന്നിവരാണ് പത്രിക നൽകിയത്. മുള്ളൻകൊല്ലി ഡിവിഷനിൽ ജനവിധി തേടുന്ന കെ പി സൂര്യമോൾ ബുധനാഴ്‌ച പത്രിക സമർപ്പിക്കും. സ്ഥാനാർഥികളെ കലക്‌ടറേറ്റിലേക്ക് ആനയിച്ച് പ്രകടനമായാണ് പത്രികാ സമർപ്പണത്തിനെത്തിച്ചത്. എൽഡിഎഫ് നേതാക്കൾ രക്തഹാരം അണിയിച്ച് വരവേറ്റു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹംസ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എ പി അഹമ്മദ്, സെക്രട്ടറി എം ടി ഇബ്രാഹിം, എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, പി ഗാഗാറിൻ, പി വി സഹദേവൻ, എം മധു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പത്രികാ സമർപ്പണത്തിനെത്തിയത്.









0 comments