വാനോളം പ്രഖ്യാപനം; പാഴായ വാഗ്‌ദാനങ്ങൾ

ഇങ്ങനെ മതിയോ കാസർകോട്‌ നഗരം

കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിനുശേഷവും നടപ്പാത കൈയേറി കച്ചവടം നടത്തുന്നു

കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിനുശേഷവും നടപ്പാത കൈയേറി കച്ചവടം നടത്തുന്നു

avatar
കെ സി ലൈജുമോൻ

Published on Nov 08, 2025, 02:30 AM | 2 min read

കാസർകോട്

ഇങ്ങനെ മതിയോ ജില്ലാ ആസ്ഥാനത്തെ നഗരം? കാസർകോട്‌ നഗരത്തിൽ കടന്നുചെല്ലുന്ന ആരുടെയും മനസിലുയരുക ഇ‍ൗയൊരുചോദ്യമാണ്‌. വടക്കേയറ്റത്തെ ജില്ലയുടെ ഭരണസിരാകേന്ദ്രം ഉൾക്കൊള്ളുന്ന കാസർകോട്‌ ശരിക്കുമൊരു അപരിഷ്‌കൃത നഗരമാണ്‌. പുതിയകാലത്തെ പ്രതിനിധീകരിക്കുന്ന ചിന്തകളോ പരിഷ്‌കാരങ്ങളോ വികസന കാഴ്‌ചപ്പാടുകളോ കാസർകോട്ടേക്ക്‌ എത്തിയിട്ടില്ല. വൃത്തിഹീനമായും പ്രാകൃതാവസ്ഥയിലും കിടക്കുന്ന മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡ്‌ ചെടിപ്പുണ്ടാക്കും. എന്തിന്‌ നല്ലൊരു മൂത്രപ്പുരപോലുമില്ല ഇ‍ൗ നഗരത്തിന്‌. കാസർകോട് നഗരസഭയിൽ പതിറ്റാണ്ടുകളായി ഭരണത്തിലുള്ള മുസ്ലിംലീഗിന്‌ നഗരത്തിന്റെ വികസനത്തിലോ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലോ താൽപര്യമില്ല. നഗരസഭാ ചെയർമാനായിരുന്ന വി എം മുനീറിന്‌ അധികാരത്തർക്കത്തിന്റെ പേരിൽ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന നാണക്കേടിൽനിന്ന്‌ ലീഗ്‌ ഇനിയും മുക്തമായിട്ടില്ല. പകരം വന്ന അബ്ബാസ്‌ ബീഗവും ഇ‍ൗ പാതയിൽ തന്നെ. വർഷംതോറും കോടിക്കണക്കിന്‌ രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുമെങ്കിലും ഇതൊന്നും നിശ്‌ചയദാർഢ്യത്തോടെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ വർഷവും രണ്ട്‌ കോടിയോളം അടങ്കൽ തുക വകയിരുത്തിയ പദ്ധതികളാണ്‌ നടപ്പാക്കാതെ ഉപേക്ഷിച്ചത്‌. ജനക്ഷേമ–- വികസന രംഗത്ത്‌ കാര്യക്ഷമായി നടപ്പാക്കാനായ പദ്ധതികൾ വിരളം. നഗരസഭാ ആയുർവേദ ആശുപത്രി വികസനം, മീൻമാർക്കറ്റ് നവീകരണ പദ്ധതി, ടൗൺ ട്രാഫിക് പ്ലാനിങ്‌ പദ്ധതി, മാലിന്യ സംസ്കരണ സംവിധാനമൊരുക്കൽ, ബഡ്‌സ്‌ സ്‌കൂളിന്‌ കെട്ടിടമൊരുക്കൽ, സ്‌കൂളുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും, വിദ്യാനഗർ സ്‌റ്റേഡിയം പരിസരത്ത്‌ തുമ്പൂർമുഴി മാതൃകയിൽ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കൽ, വിദ്യാനഗർ വ്യവസായ എസ്‌റ്റേറ്റിൽ ആർആർഎഫ്‌ നിർമിക്കൽ തുടങ്ങി പദ്ധതികൾ നിരവധി പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും നടപ്പാക്കാൻ ഭരണസമിതിക്കായില്ല. വിനോദസഞ്ചാരത്തിന്‌ കുതിപ്പുണ്ടാക്കുമായിരുന്ന തളങ്കര ബീച്ച്‌ ടൂറിസം പദ്ധതിക്ക്‌ സർക്കാർ മുൻകൈയെടുത്തെങ്കിലും വ്യക്തമായ പ്ലാനും പ്രോജക്ടും സമർപ്പിച്ച്‌ പദ്ധതി നടപ്പാക്കാൻ നഗരസഭ താൽപര്യമെടുത്തില്ല. ദിവസവും ആയിരങ്ങളെത്തുന്ന പുതിയ ബസ്‌സ്‌റ്റാൻഡിൽ സന്ധ്യമയങ്ങിയാൽ ആരും കയറാത്ത അവസ്ഥയാണ്‌. ഇരുട്ടിൽ മുങ്ങി കന്നുകാലികളുടെ വിഹാരകേന്ദ്രമായ ഇവിടം ജനങ്ങൾക്ക്‌ ഭീതിയാണ്‌ സമ്മാനിക്കുക. കാൽനട യാത്രക്കാർക്ക്‌ പേടിക്കാതെ സഞ്ചരിക്കാൻ നടപ്പാതയും അന്യം. ഉള്ളതാകട്ടെ പൊട്ടിപ്പൊളിഞ്ഞതും. പഴയ ബസ്‌സ്‌റ്റാൻഡിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം പുനരധിവസിപ്പിക്കുമെന്ന്‌ പറഞ്ഞ ചെയർമാനും കൂട്ടരും സ്വന്തക്കാർക്ക്‌ എല്ലാ ഇളവും നൽകി സംരക്ഷിക്കുകയാണ്‌. ജീവിക്കാൻ പ്രയാസപ്പെടുന്നവരെ ഒഴിപ്പിച്ചതല്ലാതെ ബഹുഭൂരിപക്ഷവും ഇപ്പോഴും നടപ്പാത കൈയേറി കച്ചവടം ചെയ്യുന്നുണ്ട്‌. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നുകോടി രൂപ ചെലവിൽ നഗരസഭാ ഓഫീസ്‌ കെട്ടിടം നവീകരണം തകൃതിയായി നടക്കുന്നുണ്ട്‌. വർഷംതോറും പത്ത്‌ കോടിയിലേറെ രൂപയാണ്‌ നഗരസഭയ്‌ക്ക്‌ സർക്കാർ നൽകുന്നത്‌. തനത്‌ വരുമാനത്തിലും മുന്നിട്ടുനിൽക്കുന്ന നഗരസഭയാണെങ്കിലും മികച്ച കാഴ്‌ചപ്പാടോയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നതിൽ ഏറെ പിന്നിൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വികസനം പറഞ്ഞ്‌ വോട്ടുതേടാൻ യുഡിഎഫിന്‌ ധാർമികമായി അർഹതയൊന്നുമില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Home