അജയ്യം കാറഡുക്ക ആന പ്രതിരോധ പദ്ധതി വേലി കടക്കാനാകാതെ തന്പടിച്ച്‌ കാട്ടാനക്കൂട്ടം

പുലിപ്പറമ്പിൽ സൗരോർജ  വേലി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാട്ടാനക്കൂട്ടം. 
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം

പുലിപ്പറമ്പിൽ സൗരോർജ വേലി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാട്ടാനക്കൂട്ടം. 
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം

avatar
രജിത്‌ കാടകം

Published on Nov 06, 2025, 02:00 AM | 1 min read

മുള്ളേരിയ

ദേലംപാടി പഞ്ചായത്തിൽ കർണാടക വനാതിർത്തിക്ക് സമീപം കാട്ടാനക്കൂട്ടം തമ്പടിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ നാല് നാളായി പ്രചരിക്കുകയാണ്‌. വേലിയുടെ പഴുത് നോക്കി എങ്ങനെയെങ്കിലും മറികടക്കാനാവുമോ എന്നാണ്‌ ആനകൾ നോക്കുന്നത്‌. മുന്പും പല തവണ ആനക്കൂട്ടം ഇവിടെയെത്തി വേലി മറിക്കടിക്കാൻ ശ്രമിച്ചെങ്കിലും വനം വകുപ്പ് ജീവനക്കാരുടെ ജാഗ്രയോടുള്ള ഇടപെടലിൽ അതൊക്കെ നിഷ്പ്രഭമാക്കി. ഇത്തവണയും വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ വേലിക്കരികിൽ നിലയുറപ്പിച്ചതിനാൽ ഇതുവരെ വേലി തകർക്കാൻ പറ്റിയിട്ടില്ല. തിങ്കളാഴ്ച പകൽ വേലിക്കരികിലെത്തിയപ്പോൾ പടക്കം പൊട്ടിച്ച് വനപാലകർ അവയെ തിരിച്ചോടിച്ചു. അതേസമയം വേലിക്കപ്പുറം കർണാടക അതിർത്തിയോട് ചേർന്ന തലപ്പച്ചേരിയിൽ ആനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. ദേലംപാടി പഞ്ചായത്തംഗം ടി എം സി ഇഖ്ബാൽ, എ സി മുഹമ്മദ് എന്നിവരുടെ തോട്ടത്തിലെ കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചു. ​കാട്ടാന ശല്യം രൂക്ഷമാവുമായും ഇരുപതിലധികം ആനകൾ സ്ഥിരമായി കൃഷിയിടത്തിലിറങ്ങുകയും ചെയ്ത ഘട്ടത്തിലാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കാറഡുക്ക ആനപ്രതിരോധ പദ്ധതി തയ്യാറാക്കുന്നത്. ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളെയും ചേർത്ത് ബ്ലോക്ക് നേതൃത്വത്തിൽ സംയോജിത പദ്ധതി ഒരുക്കി. ഉദുമ എംഎൽഎ പിന്തുണയും നൽകി. കർണാടക വനമേഖലയിൽ നിന്നാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയായും ഇറങ്ങുന്നത്. ഇത് കാറഡുക്ക ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലേക്ക് ഇറങ്ങും. ഇത്‌ തടയാനായി അതിർത്തി പഞ്ചായത്തായ ദേലംപാടിയിൽ വനത്തിന് നടുവിലൂടെ 29 കിമീ ദൂരത്തിൽ സൗരോർജ തൂക്കുവേലി നിർമിച്ചു. അതിനെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാർ, വൈദ്യുതിപ്രവാഹത്തിന് തടസം നേരിട്ടാൽ അറിയുന്നതിനുള്ള അലാറം സംവിധാനം, പുലിപ്പറമ്പിൽ നിരീക്ഷണ ടവറും ക്യാമ്പ് ഷെൽട്ടറും എന്നിവ നടപ്പിലാക്കി. വേലിയിലേക്ക് പടർന്ന് പിടിക്കുന്ന കാടുകൾ വനം വകുപ്പ് സമയബന്ധിതമായി നീക്കം ചെയ്യുകയും വേലിയുടെ സംരക്ഷണം ഉറപ്പു വരുത്തുകയുംചെയ്തു. കർഷകർക്കും വനത്തോട് ചേർന്ന് നിൽക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും കാട്ടാനകളുടെ ശല്യം ഓർമ മാത്രമായി. ആനകൾ എങ്ങനെയെങ്കിലും അതിക്രമിച്ച് വരാൻ ശ്രമിക്കുമ്പോൾ നാടിന് പറയാനുള്ളത് ഒന്ന് മാത്രം. ഈ ജനകീയ പദ്ധതി നടപ്പിലാക്കിയതിന് നന്ദി.



deshabhimani section

Related News

View More
0 comments
Sort by

Home