വാതം മാറ്റാൻ കൊട്ടംചുക്കാദി റെഡി

പടന്ന പഞ്ചായത്ത് ഒമ്പതാം വാർഡ് സമിതിയുടെ നേതൃത്വത്തിൽ കൊട്ടംചുക്കാദി നിർമിക്കുന്നു
തൃക്കരിപ്പൂർ
തരിപ്പും വേദനയും അകറ്റാൻ വയോജനങ്ങൾക്കായി ഈ വർഷവും കൊട്ടം ചുക്കാദിയുമായി പടന്ന പഞ്ചായത്ത് ഒമ്പതാം വാർഡ് കമ്മിറ്റി. പരമ്പരാഗത രീതിയിൽ കൊട്ടം, ചുക്ക്, വയമ്പ്, കുറുന്തോട്ടി തുടങ്ങിയ അങ്ങാടി മരുന്നുകളും പുളിയില, കരിനെച്ചി, വാതംകൊല്ലിയില, ഉമ്മത്തില, കള്ളിയില പച്ചിലകളും വെളുത്തുള്ളി, കടുക് മുതലായവയും ഇടിച്ച് പിഴിഞ്ഞെടുത്ത രസങ്ങളും നാടൻ രീതിയിൽ ഉരലും ഉലക്കയും ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകരും വാർഡ് സമിതിയും ചേർന്നാണ് തൈലം നിർമിക്കുന്നത്. വാർഡിലെ വയോജനങ്ങൾക്കായി സൗജന്യമായാണ് വിതരണം ചെയ്യുന്നത്. പാരമ്പര്യ വൈദ്യർ കെ വി കൃഷ്ണപ്രസാദ് വൈദ്യർ, പഞ്ചായത്തംഗവും സിനിമാതാരവുമായ പി പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഓട്ടുരുളിയിൽ എള്ളണ്ണ ചേർത്ത ശേഷം ഇടിച്ച് പിഴിഞ്ഞ മരുന്നുകളും വെള്ളം കടുകണ്ണയും ചേർത്താണ് കൊട്ടം ചുക്കാദി തയ്യാറാക്കിയത്. പ്രായാധിക്യത്താൽ സംഭവിക്കുന്ന ഞരമ്പുകളുടെ ക്ഷീണമകറ്റാനും വാതം തരിപ്പ് കാച്ചിൽ, മുട്ടുവേദന എന്നിവയ്ക്ക്ഏറ്റവും ഫലപ്രദമാണ് കൊട്ടം ചുക്കാദി കുഴമ്പ്.









0 comments