ചിത്രം തെളിയുന്നു
എൽഡിഎഫ് കുടുംബയോഗങ്ങളിലേക്ക്

കുറ്റിക്കോൽ എ കെ ജി മന്ദിരത്തിൽ എൽഡിഎഫ് കുറ്റിക്കോൽ ഡിവിഷൻ സ്ഥാനാർഥി സാബു അബ്രഹാമിന്റെ പ്രചാരണ പോസ്‌റ്ററുകൾ വിതരണത്തിനൊരുക്കുന്ന പ്രവർത്തകർ
കാസർകോട്
ജില്ലയിൽ സീറ്റ് വിഭജനം സുഗമമായി പൂർത്തിയാക്കി എൽഡിഎഫ് നേരിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ മുതൽ പഞ്ചായത്ത് തലം വരെ കാര്യമായ തർക്കങ്ങളില്ലാതെയാണ് മുന്നണിചർച്ചകൾ പൂർത്തിയായത്. ജില്ലാപഞ്ചായത്തിൽ സിപിഐഎ എം –10, സിപിഐ–3, ഐഎൻഎൽ– രണ്ട് സീറ്റുകളിൽ വീതമാണ് മത്സരിക്കുക. കേരള കോൺഗ്രസ്, എൻസിപി , ആർജെഡി എന്നിവയ്‌ക്ക് ഓരോ സീറ്റുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നേരത്തെ സീറ്റ് വിജഭനചർച്ചകൾ പൂർത്തിയാക്കിയിരുന്നു. 725 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 585 ഇടത്ത് സിപിഐ എം മത്സരിക്കും. അഞ്ചിടത്ത് സിപിഐ എം പിന്തുണക്കുന്ന സ്വതന്ത്രരാണ് മത്സരത്തിനിറങ്ങുക. ജില്ലാ പഞ്ചായത്തിൽ സീറ്റ് ലഭിക്കാത്ത ഘടകകക്ഷികൾക്ക് ഇതര ത്രിതല സംവിധാനങ്ങളിൽ മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. എൽഡിഎഫ് വാർഡ് തല കുടുംബയോഗങ്ങൾ ശനിയാഴ്‌ച ആരംഭിക്കുകയാണ്. വാർഡുകളിൽ പത്ത് കുടുംബയോഗങ്ങൾ വീതമാണ് ചേരുക. എൽഡിഎഫ് നേതാക്കൾ ഉൾപ്പെടെ കുടുംബയോഗങ്ങളിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ് കുടുംബയോഗങ്ങളിൽ അവതരിപ്പിക്കുക. വാർഡുകളിലെ സ്ഥാനാർഥികളും കുടുംബയോഗങ്ങളിൽ പങ്കെടുക്കും. നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങൾ അടുത്തഘട്ടത്തിലാണ്. തുടർന്ന് എൽഡിഎഫ് റാലികൾ ഉൾപ്പെടയുള്ള ക്യാന്പയിനുകൾ ആരംഭിക്കും. യുഡിഎഫിൽ മുസ്ലിംലീഗാണ് ജില്ലാ പഞ്ചായത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്– ഒന്പത്. ഏഴ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആർഎസ്‌പി, ഐഎൻഎൽ എന്നിവ ഓരോ സീറ്റുകളിൽ മത്സരിക്കും. ഘടകകക്ഷികളെ സീറ്റ് വിഭജനചർച്ചകളിൽ തഴഞ്ഞുവെന്ന പ്രതിഷേധം ഉയർന്നതോടെ കോൺഗ്രസ് ഏറ്റെടുത്ത ഓരോ സീറ്റുകൾ ആർഎസ്‌പിക്കും സിഎംപിക്കും നൽകുകയായിരുന്നു. പകരം മുസ്ലീലീഗിന് നൽകിയ സീറ്റിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി വി എം സാന്ദ്രയെ യുഡിഎഫ് സ്വതന്ത്രയാക്കിയാണ് പ്രതിഷേധം തണുപ്പിച്ചത്. എൻഡിഎയാകട്ടെ തണുപ്പൻ മട്ടിലാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉൾപ്പാർട്ടി പോരിൽ ശിഥിലമായ ബിജെപിയിൽ ജില്ലാ പ്രസിഡന്റിനെതിരെ വികാരം ശക്തമാണ്. പുനസംഘടനയിൽ പാടെ തഴയപ്പെട്ട കെ സുരേന്ദ്രൻ പക്ഷം തെരഞ്ഞെടുപ്പ് കൺവൻഷനുകൾ ഉൾപ്പെടെ പലയിടത്തും ബഹിഷ്‌കരിച്ചു. അവസാന മണിക്കൂറുകളിലാണ് പലയിടത്തും സ്ഥാനാർഥികളെ ഉൾപ്പെടെ തീരുമാനിച്ചത്.








0 comments