പകിട്ടോടെ പള്ളിക്കര

പള്ളിക്കര പഞ്ചായത്തിലെ ബംഗാടുള്ള ബയോ ജൈവ വള നിർമാണ യൂണിറ്റ്
avatar
നാരായണൻ കരിച്ചേരി

Published on Oct 12, 2025, 03:00 AM | 2 min read

പള്ളിക്കര കൃഷിയാണ്‌ പള്ളിക്കരയുടെ ജീവിതവും ഉപജീവനവും. എവിടേക്ക്‌ തിരിഞ്ഞാലും വയലുകളും പച്ചക്കറി തോട്ടങ്ങളും കർഷകരും കർഷകതൊഴിലാളികളുമാണ്‌ ഇ‍ൗ ഗ്രാമത്തിന്റെ കാഴ്‌ച. കൃഷിയും കാർഷിക വൃത്തിയും അനുബന്ധ തൊഴിലുകളുമാണ്‌ പ്രധാന ജീവനോപാധി. ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന പഞ്ചായത്താണ്‌ പള്ളിക്കര. വർഷം 4500 ക്വിന്റൽ നെല്ല് പള്ളിക്കരയിൽ കതിരിടുന്നു. 325 ഏക്കറിൽ പരന്നുകിടക്കുന്നു നെൽകൃഷി. 50 ഏക്കറിലധികം തരിശുഭൂമി കൃഷിയോഗ്യമാക്കി. മൊത്തം കൃഷിയിടം 2025-–26 ൽ സാന്പത്തിക വർഷം 5700 ഏക്കറായി വർധിച്ചു. യുവജന സംഘങ്ങൾ മുന്പില്ലാത്തവിധം സംഘകൃഷിയിലേർപ്പെടുന്നു. നെൽവിത്ത് തൊട്ട് കർഷകർക്ക് സബ്സിഡി വരെ നൽകിയാണ്‌ കൃഷി പ്രോത്സാഹനം. അടുക്കള പച്ചക്കറി തോട്ടത്തിനായി ഇ‍ൗ വർഷം പതിനായിരത്തിലധികം ചെടിച്ചട്ടികൾ നൽകി. 12 പാടശേഖര കമ്മിറ്റികൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. ഗുണനിലവാരമുള്ള ജൈവവളം ലഭ്യമാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിത സൊസൈറ്റി രൂപീകരിച്ച് പരിശീലനം നൽകി ബയോ പള്ളിക്കര എന്ന ജൈവവള യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. തരിശുകിടക്കുന്ന പുകയില പാടങ്ങൾ കൃഷിയോഗ്യമാക്കി. വനിതകളും യുവാക്കളും കൃഷിയിടങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു. ഇതോടെ വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവരുടെ എണ്ണം കുതിച്ചു. മഞ്ഞൾ കൃഷി പ്രോത്സാഹന പദ്ധതി നടപ്പാക്കി. കാർഷിക മേഖലയിൽ വിപ്ലവകരമായ നേട്ടമാണ് പള്ളിക്കര കൈവരിച്ചത്. സർവതലസ്‌പർശിയാണ്‌ വികസനം ​പ്രാദേശികമായ റോഡുകൾ നവീകരിച്ച്‌ നിലവാരമുള്ള യാത്ര സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി. അതിദാരിദ്ര്യം നിർമാർജനം ചെയ്ത നാട് കൂടിയാണ് പള്ളിക്കര. ആരോഗ്യം, വിദ്യാഭ്യാസം, അങ്കണവാടി തുടങ്ങിയയെ മാതൃക സ്ഥാപനങ്ങളായി പരിപാലിക്കുന്നു. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ആരോഗ്യ മേഖലയ്ക്കാണ്. പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി സായാഹ്‌ന ഒപിയും സജ്ജമാക്കി. കരിച്ചേരി ആരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിലെ മറ്റൊരു മാതൃക ആരോഗ്യ പരിപാലന കേന്ദ്രം. പാലിയേറ്റീവ് പ്രവർത്തനം, ജീവിതശൈലീരോഗ നിയന്ത്രണം, ക്യാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ്, ഡയാലിസിസ് രോഗികൾക്ക് കിറ്റ് വിതരണം, മെൻസ്ട്രൽ കപ്പ് വിതരണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം സ്മാർട്ടാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും നൽകിവരുന്നു. ‘പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽപ്പെടുത്തി ചെറക്കാപ്പാറ പഞ്ചായത്ത് സ്റ്റേഡിയം ഒരു കോടി രൂപ ചെലവിൽ നവീകരിക്കാൻ പ്രവർത്തനം തുടങ്ങി. സംസ്ഥാന സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി. പഞ്ചായത്തിനകത്തെ സ്ഥാപനങ്ങൾ സ്ത്രീ സൗഹൃദ - ശിശു സൗഹൃദമാക്കൽ, വനിത ഫിറ്റ്നസ് സെന്റർ, സ്ത്രീ തൊഴിൽ സംരംഭങ്ങൾ എന്നിവ മാതൃകപരമായി നടപ്പാക്കി. മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്താനു്ള്ള പ്രവർത്തനം മാതൃകപരമായി നടക്കുന്നു. ഹരിതകർമസേന പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവ ഇടപെടൽ, കലക്ടേഴ്സ് അറ്റ് ടൗൺ, ബോട്ടിൽ ബൂത്ത്, വേസ്റ്റ് ബിൻ, മാലിന്യങ്ങൾ തള്ളുന്ന പഴയ സ്ഥലങ്ങൾ സ്നേഹാരാമങ്ങളുടെ നിർമാണം തുടങ്ങിയ പദ്ധതികളുമുണ്ട്‌. ​വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബേക്കൽകോട്ട പടിഞ്ഞാറെ തീരത്ത് അഭിമാനമായ ചരിത്ര സ്തംഭമായി നിലകൊള്ളുന്നു. ആയിരക്കണക്കിന്‌ സഞ്ചാരികളെ ആകർഷിക്കുന്ന പള്ളിക്കര അമ്യൂസ്മെന്റ്‌ പാർക്കും ബീച്ചും ഇവിടെ തീരത്താണ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കരിച്ചേരി പുഴയും പുല്ലൂർ -പെരിയ പഞ്ചായത്തും വടക്ക് ബേക്കൽ പുഴയും ഉദുമ പഞ്ചായത്തും തെക്ക് ചിത്താരി പുഴയും അജാനൂർ പഞ്ചായത്തും അതിരുകളും പങ്കിടുന്ന പള്ളിക്കര ജനകീയ പദ്ധതികളിലൂടെ മുന്നേറ്റത്തിന്റെ പാതയിലാണ്.


​കൃത്യതയോടെയുള്ള നിർവഹണം

അഞ്ചുവർഷത്തെ വികസന പ്രവർത്തനം സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന നവകേരളത്തിന്റെ നിർമിതിയിൽ പഞ്ചായത്ത് അതിന്റെ പങ്ക് കൃത്യതയോടെ നിർവഹിക്കുന്നു. അതിദാരിദ്ര്യ പട്ടികയിൽ 53 കുടുംബങ്ങളെ കണ്ടെത്തി ദാരിദ്യനിർമാർജനം നടപ്പാക്കാനായി. 45 ഹരിതകർമ സേനാംഗങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നു. കിടപ്പുരോഗികളുടെ പരിചരണവും ശുശ്രൂഷയും ആശാവർക്കർമാരുടെ പ്രവർത്തനവും മാതൃകാപരമാണ്‌. എം കുമാരൻ, പഞ്ചായത്ത് പ്രസിഡന്റ്‌


ആസൂത്രണ 
മികവിലൂടെ വികസനം

എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ച്‌ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ വികസനം യാഥാർഥ്യമാക്കി. പഞ്ചായത്തിനെ സ്ത്രീ സൗഹൃദമാക്കുന്നതിനും ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും സാധിച്ചു. ​നാസ്നീൻ വഹാബ്, വൈസ് പ്രസിഡന്റ്‌




deshabhimani section

Related News

View More
0 comments
Sort by

Home