വാതകശ്‌മശാനത്തിലെ യന്ത്രത്തകരാറിന് 6 മാസം
മൃതദേഹവുമായി നാടുചുറ്റണോ ?

കെ സി ലൈജുമോൻ
Published on Jun 21, 2025, 02:00 AM | 1 min read
കാസർകോട്
നഗരസഭയുടെ കീഴിലുള്ള ചെന്നിക്കര വാതക ശ്‌മശാനം യന്ത്രത്തകരാർ കാരണം ഉപയോഗിക്കാനാവാതായിട്ട് ആറുമാസം പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടിയില്ല. നഗരസഭാ പരിധിയിലെ ഏക പൊതുശ്‌മശാനമാണിത്. പുക തള്ളുന്ന മോട്ടോർ തകരാറാണെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നത്. ആലുവ കേന്ദ്രമായുള്ള കമ്പനിയാണ് ഇതിന്റെ യന്ത്രസാമഗ്രികൾ എത്തിച്ച് പ്രവർത്തന സജ്ജമാക്കിയത്. ഇവർ എത്തിയാലേ മോട്ടോർ നന്നാക്കാൻ കഴിയൂവെന്ന് നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും അതിനുള്ള നടപടികളുണ്ടാകുന്നില്ല. നിലവിൽ മൃതദേഹം സംസ്‌കരിക്കാൻ തൊട്ടടുത്ത പഞ്ചായത്ത് ശ്‌മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. മൂന്നുവർഷം മുമ്പാണ് ചെന്നിക്കര പൊതുശ്‌മശാനത്തിൽ വാതകം ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തുടങ്ങിയതെങ്കിലും ഇന്നുവരെ പൂർണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല. മധൂർ പഞ്ചായത്തിലെ പാറക്കട്ട പൊതുശ്‌മശാനമാണ് നഗരവാസികൾ ഉപയോഗിച്ചുവരുന്നത്. വാതക സിലിണ്ടറിന് സമീപത്തായി വിറകും ചിരട്ടയും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന കാരണത്താൽ നിർത്തിവച്ചു. കത്തിക്കാതെ കുഴിയെടുത്ത് സംസ്‌കരിക്കുന്ന രീതിയെങ്കിലും നടപ്പാക്കാൻ നഗരസഭയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്‌നത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിക്കുന്ന അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്നതുപോലും ഇപ്പോൾ വെല്ലുവിളിയായി മാറിയിട്ടുണ്ട്.









0 comments